ത്വാഇഫിലെ മലയാളി കുടുംബത്തിൻ്റെ വാഹനപകടം; മരിച്ച മൂന്ന് പേരെയും ഖബറടക്കി
ഖത്തറിൽ നിന്നും ഉംറ ചെയ്യാനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് ഇവർ മരിച്ചത്
മക്ക: സൗദിയിലെ ത്വാഇഫിൽ അപകടത്തിൽ മരിച്ച മലയാളി കുട്ടികളുടേയും, വയോദികയുടെയും മൃതദേഹങ്ങൾ ഖബറടക്കി. ഖത്തറിൽ നിന്നും ഉംറ ചെയ്യാനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് ഇവർ മരിച്ചത്. ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തറിൽ നിന്നും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും തായിഫിലെത്തിയിരുന്നു.
ഉംറ ചെയ്യാനായി ഖത്തറിൽ നിന്നും റോഡ് മാർഗം സൗദിയിലെത്തിയതായിരുന്നു പാലക്കാട് പത്തിരിപ്പാലം സ്വദേശി തോട്ടത്തിപ്പറമ്പിൽ ഫൈസൽ അബ്ദുൽ സലാമും കുടുംബവും. ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസലിനോടൊപ്പം ഭാര്യയും രണ്ട് മക്കളും ഭാര്യയുടെ മാതാപിതാക്കളുമുൾപ്പെടെ ആറ് പേരായിരുന്നു കാറിൽ യാത്ര ചെയ്തിരുന്നത്. വ്യാഴാഴ്ച ഖത്തറിൽ നിന്നും പുറപ്പെട്ട ഇവർ ത്വാഇഫിലേക്കെത്താൻ എഴുപത് കി.മീ ബാക്കി നിൽക്കെ അതീഫിൽ വെച്ച്, വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു. ഫൈസലിന്റെ ആകെയുള്ള മക്കളായ ഏഴു നാലും വയസ്സുള്ള അഭിയാനും, അഹിയാനും, ഭാര്യാ മാതാവ് സാബിറയും അപകടത്തിൽ മരിച്ചു. ത്വാഇഫിലെ അബ്ദുള്ള ബിൻ അബ്ബാസ് മസ്ജിദിൽ ഇന്ന് അസർ നമസ്ക്കാരാനന്തരമായിരുന്നു മയ്യിത്ത് നമസ്കാരം. തുടർന്ന് മഖ്ബറ ഇബ്രാഹീം ജഫാലിയിലിൽ മൃതദേഹങ്ങൾ മറവ് ചെയ്തു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഖത്തറിൽ നിന്നും നിരവധി ബന്ധുക്കുളം സുഹൃത്തുക്കളും അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാനെത്തി. വാഹനമോടിച്ചിരുന്ന ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും പരിക്കേറ്റിരുന്നു. ഫൈസലിൻ്റെ ഭാര്യ സുമയ്യക്ക് നിസ്സാര പരിക്കുകളേയുള്ളൂ. ഇവരെല്ലാം സുഖംപ്രപിച്ച് വരികയാണ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായത്തോടെ കെഎംസിസി നേതാവും കമ്യൂണിറ്റി വെൽഫെയർ അംഗവുമായ സാലിഹ് നാലകത്തും, മുഹമ്മദ് ശമീമുമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.