പച്ചപ്പ്, നീരുറവ, ഗുഹ...; സഞ്ചാരികളെ ആകർഷിച്ച് ദോഫാറിലെ ഐൻ റസാത്

ഒമാനിലെ ഏറ്റവും വലിയ നീരുറവകളിൽ ഒന്നാണ് ഐൻ റസാത്

Update: 2024-07-24 11:55 GMT
Advertising

സലാല:സഞ്ചാരികളെ ആകർഷിച്ച് ദോഫാറിലെ ഐൻ റസാത്. പച്ചപ്പും നീരുറവയും ഗുഹയുമാണ് പ്രദേശത്തെ മനോഹരമാക്കുന്നത്. സലാല നഗരത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ദോഫാർ ഗവർണറേറ്റിന്റെ വടക്കുകിഴക്കൻ ഭാഗത്തായാണ് ഐൻ റസാത് സ്ഥിതി ചെയ്യുന്നത്. ഒമാനിലെ ഏറ്റവും വലിയ നീരുറവകളിൽ ഒന്നാണിത്. റസാത് ഗുഹയോട് ചേർന്നുള്ള സവിശേഷമായ സ്ഥലവുമാണ്.

വൈവിധ്യമാർന്ന പ്രകൃതിയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഗുഹകളും കൊണ്ട് സമ്പന്നമാണ് ഈ വിനോദസഞ്ചാര കേന്ദ്രം. ദോഫാർ ഗവർണറേറ്റിലെ ഭൂരിഭാഗം ജലസ്രോതസ്സുകൾക്കും ചുറ്റുമുള്ള പർവതങ്ങളിൽ പെയ്യുന്ന മഴയിൽ നിന്നാണ് ജലം ലഭിക്കുന്നത്. അതിനാൽ മഴക്കാലത്ത് അവയുടെ തീവ്രത വർധിക്കുന്നു.

പ്രദേശത്തെ പച്ചപ്പണിഞ്ഞ ഉയർന്ന മലനിരകൾ, ഉറവകളിൽ നിന്ന് താഴ്വരയിലേക്ക് ഒഴുകുന്ന ശുദ്ധജലം എന്നിവ ഏറെ മനോഹര കാഴ്ചയാണ്. ദോഫാർ ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഐൻ റസാത്. ദോഫാർ മുനിസിപ്പാലിറ്റി പ്രദേശം അലങ്കരിക്കുകയും അവിടെ തണൽ മരങ്ങളുള്ള പൂന്തോട്ടം സ്ഥാപിക്കുകയും ചെയ്തിരുന്നു. അത് സന്ദർശകർക്കും യാത്രാ പ്രേമികൾക്കും വിദ്യാർഥികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണ്.

ഐൻ റസാതിലെ വെള്ളവും ഉയർന്ന ഗുണനിലവാരമുള്ളതും കുടിക്കാൻ അനുയോജ്യമാണ്. ഇവിടുത്തെ വെള്ളം വിളകൾക്കും മരങ്ങൾക്കും നനയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്.

ദോഫാർ ഗവർണറേറ്റിൽ സ്ഥിരവും കാലാനുസൃതവുമായ 360 നീരുറവകളുണ്ട്. ഷാലിം വിലായത്ത്, കിഴക്ക് ഹല്ലാനിയത്ത് ദ്വീപുകൾ മുതൽ പടിഞ്ഞാറ് ദൽകൂത് വിലായത്ത് വരെ വ്യാപിച്ചുകിടക്കുന്ന വിവിധ പർവതങ്ങളിലും താഴ്‌വരകളിലുമായി നീരുറവകളുണ്ട്. ദോഫാർ മരുഭൂമിയിലും നീരുറവകളുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News