ഒമാനിൽ വിളവെടുപ്പ് കാലത്തിന് തുടക്കം; പച്ചക്കറി വില കുറഞ്ഞേക്കും
കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചതോടെയാണ് മാർക്കറ്റിൽ ഒമാൻ പച്ചക്കറികൾ സുലഭമായി ലഭ്യമാവാൻ തുടങ്ങിയത്
മസ്‌കത്ത്: കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചതോടെ ഒമാനിലെ പച്ചക്കറികൾ വിപണിയിലെത്താൻ തുടങ്ങി. ഇതോടെ പച്ചക്കറികളുടെ വിലയും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. നിലവിൽ കാബേജ്, കോളി ഫ്‌ളവർ, കാപ്‌സിക്കം, വഴുതന, പച്ചമുളക്, വെണ്ട തുടങ്ങിയ എല്ലാ പച്ചക്കറികളും വിപണിയിലെത്തിയിട്ടുണ്ട്. പച്ചക്കറികൾക്ക് വില കുറയുന്നത് ഒമാനിലെ താമസക്കാർക്കും പൗരന്മാർക്കും ഏറെ ആശ്വാസവുമാണ്.
ഈ വർഷം മുൻ വർഷത്തെക്കാൾ ഒമാൻ പച്ചക്കറിയുടെ വില കുറയുമെന്ന് കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു. അടുത്ത മാസം പകുതിയോടെ ഒമാന്റെ എല്ല പച്ചക്കറികളും വിപണിയിൽ സുലഭമായി ലഭിക്കും. അതേസമയം ഒമാൻ തക്കാളി അടുത്ത മാസം പകുതിയോടെ മാത്രമായിരിക്കും വിപണിയിലെത്തുക. നിലവിൽ തക്കാളി ജോർദാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ തക്കാളി വില ഒരു മാസം കൂടി ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യത. അടുത്തമാസം പകുതിയോടെയാണ് രണ്ടാം വിളവെടുപ്പ് ആരംഭിക്കുക. ഇതോടെ പച്ചക്കറികളുടെ വില വീണ്ടും കുറയും.