അസ്ഥിര കാലാവസ്ഥ: ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്ന് മഴ ലഭിച്ചു

Update: 2024-12-16 16:22 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ട്. സുവൈഖ്, റുസ്താഖ്, ബൗഷർ എന്നീ വിലായത്തുകളിലാണ് സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽ മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. വായു മർദ്ദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ നാളെയും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്വരകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും.

അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി സജീവമായ പൊടികാറ്റ്, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ, പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടുക എന്നിവക്കും സാധ്യതയുണ്ട്. മഴ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊടിയുടെയും മഴയുടെയും ഭാഗമായി ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈക്കിലാണ്. 3.1 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News