കേരളത്തിൽ നിന്ന് ദുബൈയിലേക്ക് ചെലവ് കുറഞ്ഞ പാക്കേജുമായി അൽഹിന്ദ് ഒമാൻ
കൂടാതെ യാത്രയിൽ മസ്‌കത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാം
കേരളത്തിൽ നിന്ന് ദുബൈയിലേക്ക് വിമാന കമ്പനികൾ ഈടാക്കുന്ന പൊള്ളുന്ന ടിക്കറ്റ് നിരക്ക് മറികടക്കാൻ ഒമാൻ വഴി ചെലവ് കുറഞ്ഞ മടക്കയാത്രാ പാക്കേജുമായി അൽഹിന്ദ് ഒമാൻ. ദുബൈയിലേക്ക് നേരിട്ട് പോകാൻ 30,000 രൂപക്ക് മുകളിൽ ചെലവ് വരുമ്പോൾ ഒമാൻ വഴി ഈ പാക്കേജിൽ 21,000 രൂപക്ക് ദുബൈയിലെത്താം. പോരാത്തതിന് മസ്‌കത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാം.
കോഴിക്കോട് നിന്ന് ഒമാനിലെ സൊഹാർ വിമാനത്താവളം, അവിടെ നിന്ന് മസ്‌കത്ത് എയർപോർട്ട് വഴി ഒരു ടൂർ പാക്കേജ് ആയാണ് ഒമാനിലെ അൽ ഹിന്ദ് ട്രാവൽസ് മടക്കയാത്രാ പദ്ധതി അവതരിപ്പിക്കുന്നത്. ഈ പാക്കേജിൽ 21,000 രൂപക്ക് വിമാന ടിക്കറ്റ്, ഒമാൻ വിസ, ഭക്ഷണം, മസ്‌കത്ത് സിറ്റി ടൂർ, എയർപോർട്ട് ഡ്രോപ്പ്, ബാഗേജ് ട്രാൻസ്ഫർ എന്നീ സൗകര്യങ്ങളോടെ അന്നേ ദിവസം ദുബൈ വിമാനത്താവളത്തിൽ ഇറങ്ങാനാകുമെന്ന് അൽ ഹിന്ദ് ഒമാൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റീന റഹ്‌മാൻ പറഞ്ഞു.
ആഗസ്റ്റ് 19, 23, 26, 30 തീയതികളിലാണ് കോഴിക്കോട് നിന്ന് സൊഹാർ വഴി ഈ പ്രത്യേക വിമാന സർവീസ് നടത്തുക. സോഹാറിൽ വിമാനം ഇറങ്ങി അവിടെ നിന്ന് റോഡ്മാർഗം ദുബൈക്ക് പോകാനുള്ള ബുദ്ധിമുട്ടും ഈ പാക്കേജിൽ ഒഴിവാകുന്നുവെന്നും അൽഹിന്ദ് ഒമാൻ അധികൃതർ പറഞ്ഞു.