ചെക്കുകൾക്ക് ഭാഗിക പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ
ചെക്ക് നൽകുമ്പോൾ അതിന്റെ മൂല്യത്തിന് തുല്യമായ പണം അക്കൗണ്ടിൽ ഇല്ലെങ്കിൽ അക്കൗണ്ടിലുള്ള തുക നൽകുന്ന സംവിധാനമാണിത്
മസ്‌കത്ത്: ബാങ്കിങ് മേഖലയിൽ ചെക്കുകൾക്ക് ഭാഗിക പേയ്മെന്റ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സി.ബി.ഒ ആവശ്യപ്പെട്ടു. ചെക്ക് നൽകുമ്പോൾ അതിന്റെ മൂല്യത്തിന് തുല്യമായ പണം അക്കൗണ്ടിൽ ഇല്ലാതെ വരുമ്പോൾ, അക്കൗണ്ടിലുള്ള തുക നൽകുന്ന സംവിധാനമാണിത്. മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങുന്നു സാഹചര്യമുണ്ടയാൽ, ചെക്ക് കൊണ്ടുപോകുന്നയാൾക്ക് വേണമെങ്കിൽ ഭാഗിക പേയ്മെന്റ് സ്വീകരിക്കാം. പിന്നീട് ബാക്കിയുള്ള തുകക്കായി ബാങ്കിനെ സമീപിക്കാനും സാധിക്കും. ഇങ്ങനെ പിൻവലിക്കുന്ന ചെക്കിന്റെ മുൻവശത്തും പിൻ വശത്തും പ്രത്യേക സ്റ്റാമ്പ് പതിച്ച് തിരിച്ച് നൽകുകയും ചെയ്യും.
ചെക്കിന്റെ ഗുണഭോക്താവിന് മാത്രമേ പണം നൽകുകയുള്ളു. സാധുതയുള്ള ചെക്കായിരിക്കണം എന്ന നിബന്ധനയുമുണ്ട്. ചെക്ക് ബൗൺസാകുന്ന പ്രതിഭാസം കുറക്കാൻ ചെക്കുകളുടെ ഭാഗിക പൂർത്തീകരണം സാധ്യമാക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി പഠിച്ചു വരികയാണെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. ചെക്കുകൾ ബൗൺസാകുന്നത് ഒമാനിൽ നിയമപരമായ കുറ്റമാണ്. എന്നാൽ, ഇടപാടുകൾ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറിയത് ഇത്തരം കേസുകൾ കുറച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ കഴിഞ്ഞ വർഷം ഏകദേശം 362,000 ചെക്കുകളാണ് മടങ്ങിത്. എന്നാൽ, മുൻവർഷമിത് 3,87,000 ആയിരുന്നു.