എങ്ങും ഫുട്‌ബോൾ ചർച്ച: ഫാൻസ് സോണുകളായി മലയാളി ബാച്ചിലർ മുറികൾ
കോഫിഷോപ്പുകൾക്കും ഷീഷകൾക്കും സമീപത്ത് ഒരുക്കിയ സ്‌ക്രീനുകളിലും ടിവികളിലും കളി കാണാൻ നിറഞ്ഞു നിന്നതിലേറെയും മലയാളികളാണ്
ഖത്തർ ലോകകപ്പ് തുടങ്ങിയ ശേഷം ഫുട്ബോൾ ചർച്ചകളാൽ നിറഞ്ഞുനിൽക്കുകയാണ് എങ്ങും. ഒമാനിലെ പ്രവാസി മലയാളികളുടെ മുറികളിലും തൊഴിലിടങ്ങളിലുമെല്ലാം ചർച്ചകൾ ഫുട്‌ബോൾ മാത്രമാണ്. ചെറു ടിവികൾ മുതൽ കൂറ്റൻ സ്‌ക്രീനുകൾക്ക് മുമ്പിൽ വരെ നിരവധി പേരാണ് ലോകകപ്പ് കാണാനായി തടിച്ചുകൂടുന്നത് .
നഗരത്തിലും ഗ്രാമങ്ങളിലുമെല്ലാം കോഫിഷോപ്പുകൾക്കും ഷീഷകൾക്കും സമീപത്ത് ഒരുക്കിയ സ്‌ക്രീനുകളിലും ടിവികളിലും കളി കാണാൻ നിറഞ്ഞു നിന്നതിലേറെയും മലയാളികളാണ്. മലയാളികൾക്കിടയിൽ ഏറെ ആരാധകരാണ് അർജന്റീനക്കും ബ്രസീലിനും പോർച്ചുഗലിനുമുള്ളത്. ഈ ടീമുകളുടെ മത്സരങ്ങളാണ് കൂടുതൽ ആരവങ്ങൾ. താമസ സ്ഥലങ്ങളിൽ ടിവിയിൽ നിരവധി പേർ ഒരുമിച്ചിരുന്നാണ് കളി ആസ്വദിക്കുന്നത്.
അർജന്റീനയുടെ ആദ്യ മത്സം ഉച്ച സമയത്ത് ആയത് പലർക്കും പ്രയാസം സൃഷ്ടിച്ചു. എന്നാൽ, അവധി എടുത്ത് കളി കാണാനിരുന്നവരും കുറവല്ല. ജോലി കഴിയുന്ന സമയത്തായിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം എന്നത് ആരാധകർക്ക് ആശ്വാസമായി. വ്യാഴാഴ്ച ദിവസം ആയതിനാലും കൂടുതൽ പേർക്ക് തത്സമയം കളി കാണാനായി. ബ്രസീലിന്റെ ആദ്യ വിജയം മധുരം വിതരണം ചെയ്താണ് ആരാധകർ ആഘോഷിച്ചത്.