ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തി ജോൺ ബ്രിട്ടാസ് എംപി
ഒമാനിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ജോൺ ബ്രിട്ടാസ് അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി
മസ്കത്ത്: രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച നടത്തി. ഒമാനിലെ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ജോൺ ബ്രിട്ടാസ് അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസയിൽ ഒമാനിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ട് വരികയും പിന്നീട് അവർക്ക് ജോലിയോ താമസമോ നൽകാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജോൺ ബ്രിട്ടാസ് ഇന്ത്യൻ അംബാസഡറോട് പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽ ഉണ്ടെന്നും എംബസി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പറഞ്ഞു.
പ്രയാസത്തിൽ ആകുന്നവരെ താമസിപ്പിക്കുന്ന ഷെൽട്ടർ സംവിധാനം വിപുലപ്പെടുത്തണമെന്നു ജോൺ ബ്രിട്ടാസ് അംബാസഡറോട് അഭ്യർത്ഥിച്ചു. ഇതിനു വൈകാതെ തന്നെ പരിഹാരമുണ്ടാകാമെന്ന് അംബാസഡർ ഉറപ്പ് നൽകി. ഏജന്റമാരുടെ കെണിയിൽ പെട്ട് സന്ദർശക വിസയിൽ ഗൾഫിൽ എത്തി പിന്നീട് ദുരിതത്തിൽ ആകുന്ന ഗാർഹിക തൊഴിലാളികളുടെ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നു ഇതിനു പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ലോക കേരള സഭാംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗവുമായ പി എം ജാബിറും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു .