ലോക്‌സഭാ തെരഞ്ഞെടുപ്പ്: സലാല കെ.എം.സി.സി ഗ്രൂപ്പ് ബുക്കിംഗ് വിമാനം ഏപ്രിൽ 21ന്

സലാലയിൽ നിന്ന് മസ്‌കത്ത് വഴി കോഴിക്കോട്ടേക്ക് പോകുന്ന സലാം എയർ വിമാനത്തിലാണ് സംഘമായി യാത്രക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്

Update: 2024-04-19 06:39 GMT
Advertising

സലാല: ഒമാനിലെ സലാല കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വോട്ടർമാരെ ഗ്രൂപ്പ് ബുക്കിംഗിലൂടെ നാട്ടിലെത്തിക്കുന്നു. ഏപ്രിൽ 21 ഞായറാഴ്ച സലാലയിൽ നിന്ന് മസ്‌കത്ത് വഴി കോഴിക്കോട്ടേക്ക് പോകുന്ന സലാം എയർ വിമാനത്തിലാണ് സംഘമായി യാത്രക്കുള്ള അവസരം ഒരുക്കിയിട്ടുള്ളത്. മറ്റ് മൂന്ന് വിമാനങ്ങളിലും ഇത്തരം സംഘങ്ങളെ വോട്ടിനായി അയക്കുന്നുണ്ടെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി വി.സി. മുനീർ പറഞ്ഞു. 42 റിയാലാണ് ഒരു സീറ്റിന് ചാർജ് വരിക. ഏപ്രിൽ 21 ന് അമ്പതിലധികം യു.ഡി.എഫ് പ്രവർത്തകരാണ് യാത്ര ചെയ്യുക മറ്റു ദിവസങ്ങളിൽ ഇരുപതും മുപ്പതും ഉള്ള സംഘങ്ങളും ഉണ്ട്. ഏപ്രിൽ 21 ന് വൈകിട്ട് ആറ് മണിക്ക് പുറപ്പെടുന്ന വിമാനം പുലർച്ചെ മൂന്നരക്കാണ് കോഴിക്കോട് എത്തുക. ഇവർക്കുള്ള ചെക്ക് ഇൻ നടപടികൾ പ്രത്യേകമായാണ് ചെയ്യുക.

ഇന്ത്യ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാനുള്ള നിർണായക തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അതിനാലാണ് ഇങ്ങനെ ഒരു സംവിധാനം കെ.എം.സി.സി ചെയ്തതെന്നും ജില്ല കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഫലൂജ പറഞ്ഞു. ജമാൽ കെ.സി., ഷബീർ കാലടി, മഹമൂദ് ഹാജി എടച്ചേരി എന്നിവരാണ് നേത്യത്വം നൽകുന്നത്. പ്രത്യേക ചാർട്ടേട് വിമാനത്തിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനുമതി ലഭിക്കാത്തതു കൊണ്ട് കൂടിയാണ് വോട്ടർമാരെ ഇങ്ങനെ ഗ്രൂപ്പ് ബുക്കിംഗിലൂടെ നാട്ടിലെത്തിക്കുന്നതെന്നാണ് കമ്മിറ്റി അംഗങ്ങൾ പറയുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News