എയർ ഇന്ത്യ എക്‌സ്പ്രസ് പണിമുടക്ക്: അസുഖ ബാധിതനായിരുന്ന മലയാളി പ്രിയസഖിയെ കാണാനാകാതെ ഒമാനിൽ മരിച്ചു

ഭർത്താവ് ആശുപത്രിയിലായത് അറിഞ്ഞ് യാത്രക്കൊരുങ്ങിയ ഭാര്യക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് പണിമുടക്ക് മൂലം മസ്‌കത്തിലേക്ക് പോകാനായിരുന്നില്ല

Update: 2024-05-14 13:23 GMT
Advertising

മസ്‌കത്ത്: എയർ ഇന്ത്യ എക്സ്​പ്രസ്​ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന്​ പ്രിയപ്പെട്ടവരെ അവസാനമായി ഒരു​നോക്കുകാണാനാവാതെ തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. കരമന നെടുങ്കാട് റോഡിൽ നമ്പി രാജേഷ് (40) ആണ് കഴിഞ്ഞ ദിവസം മസ്‌കത്തിൽ മരിച്ചത്. തളർന്നു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കാണാൻ മേയ് എട്ടിന് രാവിലെ മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത സി.രവി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. അടിയന്തരമായി മസ്‌കത്തിൽ എത്തണമെന്ന് പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല.

തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാൽ യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഉറ്റവരെ അവസാനമായി നോക്കുകാണാനാകാതെ രാജേഷ് മരിച്ചത്. മസ്‌കത്തിൽ ഐടി മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്സിങ് വിദ്യാർഥിനിയാണ് അമൃത. മക്കൾ: അനിക (യു.കെ.ജി), നമ്പി ശൈലേഷ് (പ്രീ കെ.ജി).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News