40 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന വനിത നാട്ടിൽ നിര്യാതയായി
ഒരേ വീട്ടിൽ തന്നെയായിരുന്നു 40 വർഷമായി ജോലി ചെയ്തിരുന്നത്
മസ്‌കത്ത്: 40 വർഷത്തോളം ഒമാനിലെ മസ്‌കത്ത്, ഹെയ്ലിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ, ആറാട്ടുവഴി, പവർ ഹൗസ് വാർഡിൽ ശാന്തി ആശ്രമത്തിൽ പരേതനായ സുബൈറിന്റെ ഭാര്യ പൂക്കുട്ടി എന്ന് വിളിക്കുന്ന ഹനീഫ ബീവി (75) നാട്ടിൽ വെച്ച് നിര്യാതയായി. ഹെയ്ലിൽ ഒരേ വീട്ടിൽ തന്നെയായിരുന്നു 40 വർഷമായി ഇവർ ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. നാട്ടിൽവെച്ച് അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടുകയും ചെയ്തു. അസുഖം കൂടിയപ്പോൾ ഒമാനി കുടുംബത്തെ അറിയിക്കുകയും തുടർന്ന് അവർ നാട്ടിലെത്തി സന്ദർശിക്കുകയും ചികിത്സക്കാവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്തു.
ഒമാനിലുണ്ടായിരുന്ന മകൻ അജീബ് സുബൈറിന്റെ കൂടെ ഒമാനി കുടുംബാംഗങ്ങളും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മക്കൾ: സുനിൽ സുബൈർ, നജീബ് സുബൈർ, അജീബ് സുബൈർ, ബിജിമോൻ സുബൈർ. ഖബറടക്കം ഇന്ന് (ഡിസംബർ 03 ചൊവ്വാഴ്ച) വൈകിട്ട് 05 മണിക്ക് പടിഞ്ഞാറേ ശാഫീ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.