മസ്‌കത്ത് നൈറ്റ്‌സ് ഡിസംബർ 23 മുതൽ; ആകാംക്ഷയോടെ പ്രവാസികളും സ്വദേശികളും
ജനുവരി 21 വരെയുള്ള ആഘോഷ പരിപാടികൾക്ക് ഒമാൻ തലസ്ഥാന നഗരിയുടെ വിവിധയിടങ്ങളാണ് വേദിയാകുക
മസ്‌കത്ത്: മസ്‌കത്തിലെ പ്രവാസികളും സ്വദേശികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മസ്‌കത്ത് നൈറ്റ്‌സിനായാണ്. ഡിസംബർ 23 മുതൽ ജനുവരി 21 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തലസ്ഥാനത്തിന്റെ വിവിധയിടങ്ങളാണ് വേദിയാവുക. ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, നസീം പബ്ലിക് പാർക്ക്, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, ഒമാൻ കൺവെൻഷൻ സെന്റർ എന്നിവയുൾപ്പെടെ തലസ്ഥാനത്തുടനീളമുള്ള ഒന്നിലധികം വേദികളിലാണ് ഇപ്രാവശ്യം ഫെസ്റ്റിവൽ നടക്കുക.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിപാടികളിലും വൈവിധ്യങ്ങളുണ്ട്. 700-ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശനം ഒരുക്കുന്നുണ്ട്. ഖുറം നാച്ചുറൽ പാർക്കിൽ ഫ്‌ളവർ ഷോയും ഫുഡ് ഫെസ്റ്റിവലും നടക്കും. ഡ്രോൺ ലൈറ്റ് ഷോകൾ, ലേസർ ഡിസ്‌പ്ലേകൾ, കുതിരസവാരി തുടങ്ങിയ ഇവന്റുകൾ പരിപാടിയെ കൂടുതൽ ആകർഷകമാക്കും.
കൂടാതെ ഹെറിറ്റേജ് വില്ലേജുകൾ, അമ്യൂസ്മെന്റ് റൈഡുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന ഹൈബ്രിഡ് ഷോകൾ എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാണ് ഒരുക്കുക. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സിപ്ലൈനിംഗ്, മൗണ്ടൻ ബൈക്കിംഗ്, ഓഫ്-റോഡ് വെഹിക്കിൾ ചലഞ്ചുകൾ, ഹൈക്കിംഗ് ട്രയലുകൾ എന്നിവയ്ക്ക് വാദി അൽ ഖൗദ് വേദിയാകും.
ബീച്ച് ഫുട്‌ബോൾ, വോളിബോൾ, ഫയർ പെർഫോമൻസ് എന്നിവ അൽ ഹദീദ് ബീച്ചിൽ നടക്കും. കൂടാതെ, സാംസ്‌കാരിക കേന്ദ്രങ്ങളിൽ സാഹിത്യ സായാഹ്നങ്ങൾ, കലാ പ്രദർശനങ്ങൾ എന്നിവയും നടക്കും. ഏകദേശം പത്തുലക്ഷത്തോളം സന്ദർശകരെ ഫെസ്റ്റിവൽ ആകർഷിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ശൈത്യകാല ടൂറിസത്തിന് മസ്‌കത്ത് നൈറ്റ്‌സ് ഒരു മുതൽകൂട്ടാവുമെന്നും കരുതുന്നു.