മത്ര കേബിൾ കാർ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും
ഒരു വർഷത്തിനുള്ളിൽ കേബിൾ കാർ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
മസ്‌കത്ത്: വിനോദ സഞ്ചാരികളും തദ്ദേശീയരും കാത്തിരിക്കുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ നിർമ്മാണത്തിന് ഉടൻ തുടക്കമാകും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കേബിൾ കാർ പദ്ധതിക്ക് മൂന്ന് പ്രധാന പോയിന്റുകൾ ഉണ്ടായിരിക്കും. കോർണിഷിലെ മത്ര ഫിഷ് മാർക്കറ്റിൽ നിന്ന് പുറപ്പെടുന്ന യാത്രയുടെ മിഡ് പോയിന്റ് ലഘു ഭക്ഷണത്തിനുള്ള സൗകര്യമടങ്ങുന്ന അൽ-റിയാം പാർക്കിനരികെയാണ്. കേബിൾ കാറിന്റെ അവസാന പോയിന്റ് കൽബൗ പാർക്കിലായിരിക്കും.
ദൂരമനുസരിച്ച് ഒരാൾക്ക് നാല് മുതൽ ആറ് ഒമാൻ റിയാൽ വരെ ടിക്കറ്റ് നിരക്ക് ഈടാക്കും. കടലിന് മുകളിലൂടെയുള്ള കേബിൾ കാറുകളിൽ മിഡിൽ ഈസ്റ്റിൽ ഏറ്റവും ദൈർഘ്യമേറിയതായിരിക്കും മത്രയിലേത്. കേബിൾ കാർ സംവിധാനങ്ങളുടെ രൂപകൽപന, സർവ്വേ, നിർമ്മാണം എന്നിവയിൽ വൈദഗ്ധ്യമുള്ള റാകേസ് ഇൻവെസ്റ്റ്മെന്റ്സാണ് പദ്ധതിക്ക് നേതൃത്വം നൽകുക. പദ്ധതി പൂർത്തിയായാൽ സഞ്ചാരികളുടെ തോത് ഗണ്യമായി വർധിക്കുകയും സുൽത്താനേറ്റിലെ ടൂറിസം പദ്ധതികൾക്ക് ഇത് പ്രയോജനകരമാവുകയും ചെയ്യും.