അനൂപ് റിതം ഡാൻസ് അക്കാദമിക്ക് സലാലയിൽ വർണോജ്വല തുടക്കം
അംബാസഡർ മുഖ്യാതിഥിയായി
സലാല:20 വർഷത്തിലധികമായി സലാലയിലെ വിദ്യാർഥികളെ ഡാൻസ് പരിശീലിപ്പിക്കുന്ന അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എ.ആർ.ഡി ഡാൻസ് ആന്റ് ഫിറ്റ്‌നസ് സെന്ററിന് തുടക്കമായി. ടൂറിസം മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള മ്യൂസിയം ഹാളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് മുഖ്യാതിഥിയായി. നർത്തകിയും അഭിനേതാവുമായ ജസ് നിയ ജയദീഷ് ദീപം കൊളുത്തി. അക്കാദമി ഹെഡ് അനൂപ് മാസ്റ്റർ മൊമന്റോ നൽകി. ഡോ. കെ. സനാതനൻ, രാകേഷ്‌കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ്, ദീപക് പഠാങ്കർ എന്നിവർ സംസാരിച്ചു. സ്‌പോൺസേഴ്‌സ് പ്രതിനിധികളായ ഷിജു ശശിധരൻ, ഡോ. നിഷ്താർ എന്നിവരും സംബന്ധിച്ചു.
ക്ലാസിക് ഇനങ്ങളായ മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം കൂടാതെ സെമി ക്ലാസിക്കൽ, സിനിമാറ്റിക്, എയറോബിക് ഉൾപ്പടെ വിവിധ നൃത്തങ്ങൾ അരങ്ങ് തകർത്തു. അക്കാദമിയിലെ 150ലധികം വിദ്യാർഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്. കൂടാതെ ജസ് നിയ ജയദീഷും നൃത്തങ്ങൾ അവതരിപ്പിച്ചു. യോഗ പ്രദർശനവും നടന്നു. രക്ഷിതാക്കൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.