രക്ഷിതാക്കളുടെ ഇടപ്പെടലുകൾ ഫലം കണ്ടു; മസ്കത്ത് ഇന്ത്യൻ സ്കൂൾ ഓപൺ ഫോറം ഫെബ്രുവരി 29ന്
സർക്കുലർ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കൈമാറി
മസ്കത്ത്: രക്ഷിതാക്കളുടെ ഇടപ്പെടലുകൾ ഫലം കണ്ടു. ഏറെ കാലത്ത് ഇടവേളക്കുശേഷം മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഓപൺ ഫോറം ഫെബ്രുവരി 29ന് നടക്കും. ഇത് സംബന്ധിച്ച സർക്കുലർ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കൈമാറി.
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പുതിയ മൾട്ടിപർപ്പസ് ഹാളിലായിരിക്കും ഓപ്പൺ ഫോറം നടക്കുക. വൈകുന്നേരം 6.30 മുതൽ 8.00 മണിവരെ ഉള്ള സമയത്താണ് ഓപ്പൺ ഫോറം. സ്‌കൂളിന്‍റെ തുടർച്ചയായ പുരോഗതിക്കായി സ്‌കൂളും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതന്ന് പ്രിൻസിപ്പൽ രാകേഷ് ജോഷി അയച്ച സർക്കുലറിൽ പറയുന്നു.
ഓപ്പൺ ഫോറത്തിലേക്കുള്ള ചോദ്യങ്ങൾ മുൻകൂട്ടി ഗുഗിൾ ഫോം വഴി സമർപ്പിക്കണം. ഓപ്പൺ ഫോറത്തിന്‍റെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടും സമാനമായ ചോദ്യങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനുമാണ് മുൻകൂട്ടി ചോദ്യങ്ങൾ ക്ഷണിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഗൂഗിൾഫോം വിദ്യാർഥിയുടെ സ്‌കൂളിന്‍റെ ഔദ്യോഗിക ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്താണ് പൂരിപ്പിക്കേണ്ടത്. ചോദ്യങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമായിരികും ഓപൺഫോറത്തിൽ പങ്കെടുക്കാൻ സാധിക്കുക. രക്ഷിതാക്കൾ വിദ്യാർഥികളുടെ യഥാർഥ റസിഡൻറ് കാർഡിനൊപ്പം,വിദ്യാർഥിയുടെ ക്ലാസ്, ജി.ആർ നമ്പർ എന്നീ വിവരങ്ങളുമായാണ് ഓപൺ ഫോറത്തിൽ പങ്കെടുക്കാനെത്തേണ്ടത്.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളം മറ്റും മാനേജ്‌മെൻറ് കമ്മിറ്റി, സ്കൂൾ അഡ്മിനിസ്ട്രേഷൻ, ബോഡ് ഓഫ് ഡയറ്ക്ടേഴ്സ് എന്നിവയെ അഭിസംബോധനം ചെയ്തുള്ളവയായിരിക്കണം. വ്യക്തി കേന്ദ്രീകൃതമാകരുത്. ഓപൺ ഫോറ സസമയത്ത് സ്കൂൾ പരിസരത്ത് ഓഡിയോ, വീഡിയോ റെക്കോർഡ് എന്നിവ ചെയ്യാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു. ഇന്ത്യൻ സ്കൂളുകളിൽ ഓപൺ ഫോറം പുനരാരംഭിക്കലും അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചൂണ്ടിക്കാട്ടി നിരവധി തവണ വിവിധ രക്ഷിക്കളുടെ കൂട്ടാമയുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയിരുന്നു.