വീടുകളിൽ നിന്ന് പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി മസ്‌കത്ത് മുനിസിപാലിറ്റി
പൊതു സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണം
മസ്‌കത്ത്: വീടുകളിൽ നിന്നുള്ള പാഴ്വസ്തുക്കളുടെ ശേഖരണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി മസ്‌കത്ത് മുനിസിപ്പാലിറ്റി. വാഹനങ്ങൾ വഴി വീടുകൾ ചുറ്റി സഞ്ചരിച്ച് പാഴ്വസ്തുക്കൾ ശേഖരിക്കുന്നത് ഇനി മുതൽ നിരോധിച്ചു. സ്‌ക്രാപ്പ് വ്യാപാരം നടത്തുന്ന കമ്പനികൾക്ക് വ്യാപാര ലൈസൻസും പ്രൊഫഷണൽ ലൈസൻസും നിർബന്ധമാക്കി. ഇത്തരം പ്രവർത്തനങ്ങൾ വ്യവസായ മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുത്തും.
മുനിസിപ്പാലിറ്റിയുടെ നിയമ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പൊതു സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണം. 67/2022 നമ്പർ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പൽ കൗൺസിലിലെ നിയമ കമ്മിറ്റി അംഗം അബ്ദുൽ റഹിമാൻ അൽ ഹിനായി പറഞ്ഞു.
പൊതുജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുകയും സ്‌ക്രാപ്പ് മേഖല നിയന്ത്രിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വീടുകളിൽ നിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കാൻ നിശ്ചിത സ്ഥലങ്ങൾ നിർണയിക്കുമെന്നും ഇതിനായി ടെക്‌നോളജികൾ ഉപയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണമില്ലാത്ത പാഴ്വസ്തുക്കളുടെ ശേഖരണം സുരക്ഷ, പരിസ്ഥിതി, സാമ്പത്തിക പ്രശ്‌നങ്ങൾ എന്നിവക്ക് കാരണമാകുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. വീടുകളിൽ സ്ഥിരമായി എത്തുന്ന സ്‌ക്രാപ്പ് വാഹനങ്ങളും അവ നിരന്തരമായ ഹോൺ മുഴക്കുന്നതും താമസക്കാർക്ക് ശല്യമാകുന്നുണ്ട്. സ്‌ക്രാപ്പ് ശേഖരിക്കുന്നത് കണ്ടെത്തിയാൽ 500 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചുള്ള ലംഘനത്തിന് പിഴ വർധിപ്പിക്കുകയും ചെയ്യും.