'മസ്‌കത്ത് നൈറ്റ്‌സ് 2024' ഡിസംബറിൽ; ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും

ഖുറം നാച്ചുറൽ പാർക്കിൽ ഡ്രോൺ ഷോകളും ഇവൻ്റുകളും

Update: 2024-10-23 16:57 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: കലകളും രുചിവിഭവങ്ങളും ഒന്നിക്കുന്ന ഒമാനിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായ മസ്‌കത്ത് നൈറ്റ്‌സിന് ഡിസംബറിൽ തിരി തെളിയും. മസ്‌കത്ത് നൈറ്റ്‌സ് 2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെ നടക്കുമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷ രാവ് ഒമാന്റെ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും കാഴ്ചകൾക്കൊപ്പം ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും അനുഭവമാണ് മസ്‌കത്ത് നൈറ്റ്‌സ് സന്ദർശകർക്ക് പകർന്ന് നൽകുക. സ്വദേശികൾക്കൊപ്പം വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന പിന്നിട്ട കാലത്തിന്റെ ഓർമപ്പെടുത്തലെന്നവണ്ണം ഒരുക്കിയിട്ടുള്ള ഗ്രാമത്തിലെ കാഴ്ചകൾ, പരമ്പരാഗത ഒമാനി കലാ, സംഗീത പരിപാടികൾ, തുടങ്ങി വിവിധതരം പരിപാടികൾ കൊണ്ടാണ് മസ്‌ക്കത്തിന്റെ പ്രധാന ഇടങ്ങൾ നിറയുക.

സിനിമ, സാഹിത്യം, എന്നീ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ചർച്ചകളും പരിശീലന ശിൽപശാലകളും പരിപാടിയുടെ ഭാഗമായി നടക്കും. വിവിധ തരം ഗെയിമുകൾ, ഡിജിറ്റൽ ആർട്ട് എക്‌സിബിഷനുകൾ, ലൈവ് ഡ്രോയിംഗുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്‌കാരങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവന്റിലുണ്ടാകും.

1998-ൽ ആരംഭിച്ച മസ്‌കറ്റ് ഫെസ്റ്റിവൽ, സ്‌കൂൾ അവധിക്കാലത്ത് കുട്ടികളെ രസിപ്പിക്കാനുള്ള ഒരു സ്ഥലം എന്ന തരത്തിലാണ് രൂപകല്പന ചെയ്യപ്പെട്ടത്, എന്നാൽ കാലക്രമേണ അത് വികസിച്ചു. ഉത്സവകാലത്ത് ഖുറം നാച്ചുറൽ പാർക്കിൽ ഡ്രോൺ ഷോകളും ഇവന്റുകളും സംഘടിപ്പിക്കാൻ മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News