മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് അധിക സർവീസുമായി ഒമാൻ എയർ
ജൂൺ മൂന്നു മുതൽ 11 സർവീസുകൾ
Update: 2024-05-07 07:52 GMT
മസ്‌കത്ത്: ശക്തമായ ഡിമാൻഡ് കണക്കിലെടുത്ത് തായ്ലൻഡ്, മലേഷ്യ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ നിരവധി അധിക സർവീസുകൾ പ്രഖ്യാപിച്ചു. ക്വാലാലംപൂർ, കോഴിക്കോട്, ബാങ്കോക്ക്, മിലാൻ, സൂറിച്ച്, ദാറുസ്സലാം-സാൻസിബാർ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയതായാണ് കമ്പനി തിങ്കളാഴ്ച അറിയിച്ചത്.
മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള അധിക സർവീസുകൾ ജൂൺ മൂന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ആഴ്ചയിൽ ഏഴ് സർവീസുകളാണ് കോഴിക്കോട്ടേക്കുണ്ടായിരുന്നത്. 2024 ജൂൺ മൂന്നു മുതൽ 11 സർവീസുകളാണ് ഒമാൻ എയർ നടത്തുക. ബാങ്കോക്ക് -14, ഫുക്കറ്റ് -7, ക്വാലാലംപൂർ -5, മിലാൻ -4, സൂറിച്ച് -3, ദാറുസ്സലാം-6 എന്നിങ്ങനെയാണ് അധിക സർവീസുകൾ.