ഒമാൻ സയൻസ് ഫെസ്റ്റിവെലിന് തുടക്കമായി
ഒമാൻ സയൻസ് ഫെസ്റ്റിവെലിന്റെ മൂന്നാംപതിപ്പിന് തുടക്കമായി. ജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയുക, ശാസ്ത്രീയ വിഷയങ്ങളിൽ പഠനം തുടരാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത, വാർത്ത വിനിമയ, വിവര സാങ്കതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി, വിദ്യഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ എന്നിവർ പങ്കെടുത്തു.
ശാസ്ത്ര മേഖലയിലെ ആഗോള ട്രൻഡുകളും മറ്റും മനസിലാക്കാനും മേളയിലൂടെ സാധിക്കും. ആറു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 110ഓളം സർക്കാർ-സ്വകാര്യ-സൈനിക-സിവിൽ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ശാസ്ത്ര സെമിനാറുകൾ, നൂതനാശയങ്ങളുടെ ശാസ്ത്രീയ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, ശാസ്ത്രീയ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവയും നടക്കും.
25 ശാസ്ത്ര സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. പ്രോഗ്രാമിങ്, റോബോട്ടുകൾ, ഡ്രോണുകൾ, വിവിധ ശാസ്ത്ര മത്സര കോർണർ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.