സനദ് സർവീസ് സെന്റർ ട്രേഡ്മാർക്കിന്റെ അനധികൃത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ
'ലൈസൻസില്ലാത്ത സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞു'
മസ്‌കത്ത്: സനദ് സർവീസ് സെന്ററുകളുടെ ട്രേഡ്മാർക്ക് അനധികൃതമായി ഉപയോഗിക്കുന്ന ലൈസൻസില്ലാത്ത നിരവധി സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞതായും അവ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം. അനുമതിയില്ലാതെ സനദ് സേവന കേന്ദ്രങ്ങളുടെ ഐഡന്റിറ്റിയിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് ഇത്തരം സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനങ്ങളിൽ ഉടനടി ഭേദഗതി വരുത്താനും മന്ത്രാലയം നിർദേശിച്ചു. നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
അനുമതിയില്ലാതെ സ്‌റ്റോർ ബോർഡുകളിൽ സനദ് സർവീസ് സെന്ററുകളുടെ ട്രേഡ്മാർക്ക് ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ട്രേഡ്മാർക്ക് നിയമത്തിന്റെ ലംഘനവുമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.