ഖത്തർ ലോകകപ്പ്: ഒമാൻ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി
പദ്ധതി ഫുട്ബോള്‍ ആരാധാകരെ ഒമാനിലേക്ക് ആകർഷിക്കാന്‍
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന ഫുട്ബാൾ ആരാധകരെ ഒമാനിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ് സൗജന്യ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ചിരിക്കുന്നത്.
ഖത്തർ നൽകുന്ന 'ഹയ്യ' കാർഡുള്ളവർ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും.
മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ മസ്കത്ത്, സലാല അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകൾക്കും ടൂറിസം മേഖലക്കും കൂടുതൽ കരുത്തേകുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ 11 വിലായത്തുകളിലായി 200 റിസോർട്ടുകളും 20,000-ലധികം ഹോട്ടൽ മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫെസ്റ്റിവൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം വിവിധ പരിപാടികളും നടത്തും.