ഐ.എം.ഐ സലാല ഒബാറിലേക്ക് യാത്ര സംഘടിപ്പിച്ചു
ഐ.എം.ഐ സലാല ഒമാനിലെ ചരിത്ര പ്രസിദ്ധമായ ഒബാറിലേക്ക് യാത്ര സംഘടിപ്പിച്ചു. 'റോഡ് ട്രിപ് 2023' എന്ന പേരിൽ അൽ ഫവാസ് ടൂർസ് ആന്റ് ട്രാവത്സുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ സലാലയിൽനിന്ന് പുറപ്പെട്ട സംഘം ഹേലയിലെ ഫാമുകളാണ് ആദ്യം സന്ദർശിച്ചത്. പഴവർഗങ്ങൾ ഏറ്റവും ആധുനികമായ രീതിയിൽ ക്രഷി ചെയ്യുന്ന ഒമാനിലെ പ്രശസ്തമായ തോട്ടങ്ങളാണ് ഇവിടെയുള്ളത്.
തുടർന്ന് ഉച്ചയോടെയാണ് ശിസിർ വിലായത്തിലുള്ള ഹൂദ് നബിയുടെ ചരിത്രാവശിഷ്ഠങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്ന ഒബാർ സന്ദർശിച്ചത്. ലോകത്തിലെ ഏറ്റവും വന്യമരുഭൂമിയായ റുബൂ ഉൽ ഖാലി ഇവിടെനിന്നാണ് ആരംഭിക്കുന്നത്.
വൈകിട്ടോടെ തുംറൈത്തിൽ തിരിച്ചെത്തിയ സംഘം തുംറൈത്തിലെ ഖനന കേന്ദ്രങ്ങളും ക്വാറികളും സന്ദർശിച്ചു. രാത്രി സ്വകാര്യ ഫാമിൽ നടന്ന ക്യാമ്പ്ഫയറിനോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗെയിമുകളും നടന്നു. രാത്രി ഒരു മണിയോടെ റോഡ് ട്രിപ് 2023 സംഘം സലാലയിൽ തിരിച്ചെത്തി. മൂന്ന് ബസുകളിലും മറ്റു വാഹനങ്ങളിലുമായി നൂറ്റമ്പതിലധികം ആളുകളാണ് യാത്രയിൽ പങ്കെടുത്തത്. ജി. സലീം സേട്ട്, സലാഹുദ്ദീൻ, സാബുഖാൻ, കെ. മുഹമ്മദ് സാദിഖ്, സജീബ് ജലാൽ, റജീന, മദീഹ എന്നിവർ നേതൃത്വം നൽകി.