വീണ്ടും വൈകി എയർ ഇന്ത്യ എക്‌സ്പ്രസ്; മസ്‌കത്ത്-കോഴിക്കോട് വിമാനം പറന്നത് 9 മണിക്കൂർ വൈകി

ബോർഡിംഗ് പാസ് നൽകിയ ശേഷമാണ് സമയമാറ്റം അറിയിച്ചതെന്ന് യാത്രക്കാർ

Update: 2023-08-16 13:22 GMT
Advertising

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വൈകി പറക്കൽ തുടർക്കഥയാകുന്നു. ചൊവ്വാഴ്ച ഉച്ചക്ക്​ ഒരു മണിക്ക്​ മസ്കത്തിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45ന്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.

ഒരു മണിക്ക്​ പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന്​ പുറപ്പെടുമെന്നും യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരുന്നു. ഇതനുസരിച്ച്​ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട്​ രാത്രി 10.20ന്​ മാത്രമേ പുറപ്പെടാനാവൂ എന്ന്​ പിന്നീട്​ തിരുത്തിപ്പറയുകയായിരുന്നു. എന്നാൽ വീണ്ടും വൈകി 11.45നാണ്​ അവസാനം വിമാനം പുറപ്പെട്ടത്​.

ബോർഡിംഗ് പാസ് നല്‍കിയ ശേഷമാണ്‌ സമയ‌മാറ്റം അറിയിച്ചതെന്ന്​ യാത്രക്കാരനായ തൃശൂർ സ്വദേശി കബീര്‍ പറഞ്ഞു. രണ്ടാഴ്ചത്തെ ലീവിൽ ചികിത്സാവശ്യാർഥം നാട്ടിലേക്ക്​ പുറപ്പെട്ട തനിക്ക്​ ഒരു ദിവസം വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തിര ആവശ്യങ്ങൾക്ക്​ പുറപ്പെട്ട മറ്റു നിരവധി പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്‍റെ വൈകൽ വലിയ ദുരിതമായെന്ന്​ മറ്റൊരു യാത്രക്കാരനായ മത്രയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഏഴര സ്വദേശി മഹ്റൂഫ്​ പറഞ്ഞു. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാനായി നാട്ടിലേക്ക്​ പുറപ്പെട്ടതാണ്​ ഇദ്ദേഹം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News