കനത്തമഴയില്‍ സമ്പന്നമായി ഒമാനിലെ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും
ജനുവരി 5 വരെ സാമാന്യം ശക്തമായ മഴ തുടരുമെന്നും താഴ്‌വരകളും താഴ്ന്ന പ്രദേശങ്ങളും സഞ്ചാരികള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പെയ്ത നത്തമഴയെതുടര്‍ന്ന് പതഞ്ഞൊഴുകുകയാണ് ഒമാനിലെ വെള്ളച്ചാട്ടങ്ങളും അല്‍പം കാലമായി വരണ്ട് നിര്‍ജീവമായിക്കിടന്ന താഴ്‌വരകളിലെ നീര്‍ച്ചാലുകളുമെല്ലാം. പ്രതികൂല കാലാവസ്ഥയിലും രാജ്യത്തുടനീളമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്പ്രകൃതി.
ചില പ്രദേശങ്ങളില്‍ 120 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചതോടെയാണ് വെള്ളച്ചാട്ടങ്ങളും നീര്‍ച്ചാലുകളും കരുത്താര്‍ജിച്ചത്. കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും മസ്‌കറ്റില്‍ നിന്ന് മിസ്ഫത്ത് അല്‍ അബ്രിയേനിലേക്ക് ഒന്നര മണിക്കൂറിലധികം ഡ്രൈവ് ചെയ്താണ് ചില സന്ദര്‍ശകര്‍ മനോഹരമായ വെള്ളച്ചാട്ടം കാണാന്‍ എത്തിച്ചേരുന്നത്.
വെള്ളം നിറഞ്ഞ താഴ്വരകള്‍ കാണാന്‍ ദുര്‍ഘട പാതകള്‍ പിന്നിട്ടാണ് പലരും എത്തുന്നത്. 3,009 മീറ്റര്‍ ഉയരമുള്ള ജബല്‍ ഷംസിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. മസ്‌കറ്റില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ പടിഞ്ഞാറന്‍ ഹജര്‍ മലനിരകളിലാണ് ജബല്‍ ഷംസ് സ്ഥിതി ചെയ്യുന്നത്.
താഴ്വരകളെല്ലാം ഇപ്പോള്‍ വാട്ടര്‍ പാര്‍ക്കുകളായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നാണ് ബത്ന മേഖലയിലെ ലിവ നിവാസിയായ റാഷിദ് (44) പറയുന്നത്.
താഴ്‌വര പച്ചപുതച്ചതോടെ കറുക്കമാരും മുയലുകളുമടക്കമുള്ള നിരവധി വന്യമൃഗങ്ങള്‍ വെള്ളവും തീറ്റയും തേടി ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്. തങ്ങളുടെ ആടുകളുമായി ഇവിടേക്കെത്തുന്ന ആട്ടിടയന്മാരും കുറവല്ല. വരണ്ട പ്രദേശങ്ങളിലെ കര്‍ഷകരും കനത്തമഴ ലഭിച്ച സന്തോഷത്തിലാണ്.
ഡിസംബര്‍ 31ന് ആരംഭിച്ച മഴയില്‍ ഇതുവരെ ആറ് പേരാണ് രാജ്യത്ത് മരിച്ചത്. പല നഗരങ്ങളും വെള്ളപ്പൊക്കത്തില്‍ പെട്ടിരുന്നു.ജനുവരി 5 വരെ സാമാന്യം ശക്തമായ മഴ തുടരുമെന്നും താഴ്‌വരകളും താഴ്ന്ന പ്രദേശങ്ങളും സഞ്ചാരികള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ ഷഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ 11 പേര്‍ മരിച്ചിരുന്നു. ബത്ന മേഖലയിലാണ് അന്ന് കൂടുതല്‍ നാശനഷ്ടമുണ്ടായത്.