ലോകകപ്പ്: ഖത്തറിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക
ഖത്തറിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുംബൈ - ദോഹ റൂട്ടിലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ഒക്ടോബര്‍ 30 മുതല്‍ സര്‍വീസ് തുടങ്ങും. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാവുക.
ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്നും 12.45ന് പറന്നുയരുന്ന വിമാനം വൈകിട്ട് 6.45 ന് മുംബൈയിലെത്തും. ഈ വിമാനത്തിലേക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 920 ഖത്തര്‍ റിയാലാണ് യാത്രാ നിരക്ക്, അടുത്ത വര്‍ഷം മാര്‍ച്ച് 19 വരെ ഈ സര്‍വീസുകളില്‍ ബുക്കിങ് ലഭ്യമാണ്.ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമായി ദോഹയിലേക്ക് പ്രതിവാരം 6 സര്‍വീസുകള്‍ തുടങ്ങാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. ലോകകപ്പ് മുന്നില്‍ക്കണ്ടാണിത്.
ഇതോടൊപ്പം ദുബൈയിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും കൂട്ടും. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാകും ദുബൈയിലേക്കുള്ള പുതിയ സര്‍വീസുകള്‍.