'അജ്യാൽ ഫിലിം ഫെസ്റ്റിവല്‍ നവംബർ ഏഴിന് ആരംഭിക്കും
ഖത്തറിലെ പ്രധാന ചലച്ചിത്ര മേളയായ ‘അജ്യാലില്‍ 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകൾ പ്രദര്‍ശിപ്പിക്കും.
ഖത്തറിലെ പ്രധാന ചലച്ചിത്ര മേളയായ 'അജ്യാൽ'ഫിലിം ഫെസ്റ്റിവല്‍ നവംബർ ഏഴിന് ആരംഭിക്കും. 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകൾ ഇത്തവണ പ്രദര്‍ശിപ്പിക്കും. കതാറ വില്ലേജ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം നടക്കുക.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഒമ്പതാമത് എഡിഷനാണ് അടുത്ത മാസം ഏഴിന് ആരംഭിക്കുന്നത്. നവംബർ ഏഴ് മുതൽ 13വരെ നടക്കുന്ന മേളയില്‍ 44 രാജ്യങ്ങളിൽ നിന്നുള്ള 85 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 31 ഫീച്ചര്‍ സിനിമകളും 54 ഹ്രസ്വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇതില്‍ തന്നെ 22 എണ്ണം അറബ് സിനിമകളും 32 എണ്ണം വനിതാ സംവിധായകരുഡടെ സൃഷ്ടികളുമാണ്.
അകാദമി അവാർഡ് ജേതാവായ ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എ ഹീറോ' എന്ന സിനിമയാണ് ഇത്തവണത്തെ ഉദ്ഘാടന പ്രദർശന ചിത്രം. 13 സിനിമകൾ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൻെറ പിന്തുണയോടെ നിർമിച്ചതാണ്. മെയ്ഡ് ഇൻ ഖത്തർ വിഭാഗത്തിൽ ഇക്കുറി 10 സിനിമകൾ പ്രദർശിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയും, നേരിട്ടും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കതാറ, സികാത് വാദി മിഷൈരിബ്, ലുസൈൽ, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവടങ്ങളിലായാണ് പ്രദര്‍ശനം. മേളക്കുള്ള ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് വഴി വിൽപന ആരംഭിച്ചതായി ഫെസ്റ്റിവൽ ഡയറക്ടർ ഫാത്തിമ ഹസ്സൻ അൽ റിമൈഹി അറിയിച്ചു. രണ്ടുവർഷത്തെ കോവിഡ് കാലത്തിൽ നിന്നും ലോകം അതിജയിച്ചു വരുന്നതിൻെറ അടയാളപ്പെടുത്തൽ കൂടിയാവും ഈ വർഷത്തെ 'അജ്യാൽ' എന്ന് ഫാത്തിമ ഹസൻ പറഞ്ഞു.