അൽസദ്ദിന്‍റെ പുതിയ കോച്ചായി ഹാവി ഗ്രേസ്യയെ നിയമിച്ചു
- വലൻസിയ, വാറ്റ്ഫോഡ് ടീമുകളുടെ പരിശീലകനായിരുന്നു
ഖത്തർ മുൻ നിര ക്ലബ്ബ് ആയ അൽ സദ്ദിന് പുതിയ പരിശീലകൻ. സ്പെയിൻകാരൻ ഹാവി ഗ്രേസ്യയാണ് പുതിയ പരിശീലകൻ. മുൻ കോച്ച് സാവി ഹെർണാണ്ടസ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് അൽ സദ്ദിന് പുതിയ കോച്ചിനെ കണ്ടെത്തേണ്ടി വന്നത്. ലാ ലിഗയിൽ അത്ലറ്റികോ ബിൽബാവോ, റയൽ സോസിഡാഡ് ടീമുകൾ ക്ക് വേണ്ടി കളിച്ചിട്ടുള്ള 51 കാരൻ 2004 മുതൽ പരിശീലക രംഗത്തുണ്ട്.
സ്പാനിഷ് ലീഗ് ടീമുകളായ വലൻസിയ, മലാഗ, ഒസാസുന, പ്രീമിയർ ലീഗ് ക്ലബ് വാറ്റ്ഫോർഡ് തുടങ്ങിയ ടീമുകളുടെ പരിശീലകനായിരുന്നു. കഴിഞ്ഞ സീസണിൽ ഗ്രേസ്യ വലൻസിയക്ക് ഒപ്പമായിരുന്നു. ടീമിന്റെ പ്രകടനം മോശമായതോടെ പുറത്താക്കപ്പെട്ടു. സാവിക്കൊപ്പം അൽസാദ് സ്വന്തമാക്കിയ നേട്ടങ്ങൾ ആവർത്തിക്കലാകും ഗ്രേസ്യയുടെ പ്രധാന വെല്ലുവിളി. നിലവിലെ ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യന്‍മാരാണ്. സാവിക്ക് പകരക്കാരനായി ഇതിഹാസ താരം സിനദിൻ സിദാനെ കൊണ്ടുവരാൻ അൽസാദ് ശ്രമിച്ചിരുന്നു.