ലോകകപ്പിനായി പണി കഴിപ്പിച്ച അല്‍ തുമാമ സ്റ്റേഡിയം നാളെ ഉദ്ഘാടനം ചെയ്യും
ഉദ്ഘാടന മത്സരത്തില്‍ അല്‍ സദ്ദ് ക്ലബ്ബും അല്‍ റയ്യാന് ക്ലബും ഏറ്റുമുട്ടും
2022 ലോകകപ്പിന് പന്തുരുളാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ എട്ട് സ്റ്റേഡിയങ്ങളില്‍ ആറാമത്തേതും കായിക ലോകത്തിനായി സമര്‍പ്പിക്കുകയാണ് ഖത്തര്‍. പൂര്‍ണമായും നിര്‍മ്മാണം പൂര്‍ത്തീകരിച്ച അല്‍ തുമാമ സ്റ്റേഡിയമാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്. ആഭ്യന്തര ക്ലബ് ഫൂട്ബോള്‍ ടൂര്‍ണമെന്‍റായ അമീരി കപ്പിന്‍റെ ഫൈനലാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ അല്‍ തുമാമ സ്റ്റേഡിയ്തില്‍ നടക്കുന്നത്. സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം സാവി പരിശീലിപ്പിക്കുന്ന അല്‍ സദ്ദ് ക്ലബ്ബും മുന്‍ ഫ്രഞ്ച് ലോകകപ്പ് താരം ലോറെയ്ന്‍ ബ്ലാങ്ക് പരിശീലകനായ അല്‍ റയ്യാന് ക്ലബും തമ്മിലാണ് പോരാട്ടം.
വൈകീട്ട് ആറ് മണിയോടെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. അമീര്‍ അടക്കമുള്ള ഖത്തര്‍ ഭരണരംഗത്തെ ഉന്നതര്‍ ചടങ്ങില്‍ പങ്കെടുക്കും. 40.000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്‍റെ പൂര്‍ണശേഷിയില്‍ നാളെ കാണികളെ പ്രവേശിപ്പിക്കുമെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു. ടിക്കറ്റ് വിതരണം ഇതിനകം പൂര്‍ത്തിയാക്കി. എല്ലാവര്‍ക്കും ഫാന്‍ ഐഡിയും വിതരണം ചെയ്തിട്ടുണ്ട‌്. അറബികള്‍ ധരിക്കുന്ന പരമ്പരാഗത തലപ്പാവായ ഗഫിയയുടെ ആകൃതിയില്‍ നിര്‍മ്മിച്ച തുമാമ സ്റ്റേഡിയം അറബ് സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റേയും പ്രൌഡി വിളിച്ചോതുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളാണ് സ്റ്റേഡിയത്തില്‍ നടക്കുക. ലോകകപ്പിന് ശേഷം ഖത്തറിലെ പ്രധാന കായിക ചടങ്ങുകള്‍ക്ക് പുറമെ സാംസ്കാരികാഘോഷങ്ങളുടെയും കൂടി വേദിയായി അല്‍ തുമാമ മാറും.