ഗാനിം അൽ മുഫ്തയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ആസിം വെളിമണ്ണ
ലോകകപ്പ് മത്സരങ്ങൾ കാണാനായാണ് ആസിം ഖത്തറിലെത്തിയത്
ഇച്ഛാശക്തിയുടെയും പ്രചോദനത്തിന്റെയും പ്രതീകമായ ഗാനിം അൽ മുഫ്തയെ നേരിൽക്കണ്ടതിന്റെ ആവേശത്തിലാണ് ആസിം വെളിമണ്ണ. ഭിന്നശേഷിക്കാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ആസിം ലോകകപ്പ് മത്സരങ്ങൾ കാണാനായാണ്ഖത്തറിലെത്തിയത്.
ഗാനിമിനെ നേരിൽ കാണണമെന്ന ആഗ്രഹം ഏറെക്കാലമായി ആസിമിന്റെ ഉള്ളിലുണ്ടായിരുന്നു. ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനൊപ്പം ഗാനിമിനെയും കണ്ടാൽ ഇരട്ടി സന്തോഷമാകുമെന്ന് ആസിം ഖത്തറിലെത്തിയപ്പോൾ മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു.
ഭിന്നശേഷിക്കാരെ ചേർത്തുനിർത്തണമെന്ന സന്ദേശവുമായാണ് ആസിം ലോകകപ്പിനെത്തിയത്. മഹാമേളയുടെ ഉദ്ഘാടനം തന്നെ ആ സന്ദേശം കൈമാറിയത് ഏറെ സന്തോഷമുണ്ടാക്കി.
ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ താരമായ ഗാനിമും കുടുംബവും ഹൃദ്യമായാണ് ആസിമിനെ സ്വീകരിച്ചത്. വിശേഷങ്ങൾ പങ്കുവെച്ച ആസിം ഗാനിമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഖത്തറിലെത്തിയ ആസിമിനെ കുറിച്ച് മലയാളി പൊതു പ്രവർത്തകരിൽ നിന്നാണ് ഗാനിം അറിയുന്നത്. സജീർ നെടുവനാട്, അനസ് മൗലവി, ഇബ്രാഹിം കൂട്ടായി എന്നിവരും ആസിമിനൊപ്പമുണ്ടായിരുന്നു.