ലുസൈലിൽ ട്രാം സർവീസ് വിപുലീകരിച്ചു; വാഹന-കാൽനട യാത്രക്കാർക്ക് ജഗ്രതാ നിർദേശവുമായി അധികൃതർ
പുതിയ സർവീസ് ഓടിത്തുടങ്ങുമ്പോൾ ഈ വഴി സഞ്ചരിക്കുന്നവർ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു
ദോഹ:ലുസൈൽ ട്രാം സർവീസ് വിപുലീകരിച്ചതിനു പിന്നാലെ പൊതുജനങ്ങൾക്ക് ജഗ്രതാ നിർദേശം നൽകി ഖത്തർ ഗതാഗത വകുപ്പും ഖത്തർ റെയിലും. ഇന്നുമുതലാണ് പിങ്ക് ലൈനിൽ പുതിയ സർവീസിന് തുടക്കം കുറിച്ചത്.
പുതിയ സർവീസ് ഓടിത്തുടങ്ങുമ്പോൾ ഈ വഴി സഞ്ചരിക്കുന്നവർ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം വഴിയാണ് മുന്നറിയിപ്പുകൾ നൽകിയത്. മേഖല വഴിയുള്ള വാഹന-കാൽനട യാത്രക്കാർ ട്രാമിന്റെ നീക്കം സംബന്ധിച്ച് ബോധവാന്മാരായിരിക്കണം, ട്രാക്കുകളിലൂടെ ട്രാം സഞ്ചരിക്കുമ്പോൾ ട്രാഫിക് നിർദേശങ്ങൾ പാലിക്കുക. മോട്ടോർ വാഹനങ്ങളെ പോലെ സഡൻ ബ്രേക്കിൽ ട്രാമുകൾക്ക് നിർത്താൻ കഴിയില്ലെന്നും ഓർമിപ്പിച്ചു.
നിലവിലെ ഓറഞ്ച് ലൈനിനു പുറമെ, പിങ്ക് ലൈനിൽ കൂടി തിങ്കാളഴ്ച സർവീസ് ആരംഭിച്ചു. ലെഖ്‌തൈഫിയ മുതൽ സീഫ് ലുസൈൽ നോർത്ത് വരെയാണ് പിങ്ക് ലൈൻ സർവീസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനിൽ ഉള്ളത്.