'പ്രവാസികള്‍ക്കായി നിരന്തരം ഇടപെട്ട നേതാവ്'; അനുശോചിച്ച് ഖത്തര്‍ സംഘടനകള്‍
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നതും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളുമാണ് ഖത്തര്‍ പ്രധാനമന്ത്രിയുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഉന്നയിച്ചത്.
ദോഹ: ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഖത്തര്‍ പ്രവാസി സംഘടനകള്‍. ജനങ്ങള്‍ക്കൊപ്പം ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഖത്തര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സലിം നാലകത്ത് പറഞ്ഞു.
നാല് തവണയാണ് ഉമ്മന്‍ ചാണ്ടി ഖത്തറില്‍ സന്ദര്‍ശനം നടത്തിയത്. 2017 ല്‍ പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നതും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളുമാണ് ഖത്തര്‍ പ്രധാനമന്ത്രിയുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഉന്നയിച്ചത്. 2005 ല്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഇന്ത്യയിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2002 ലും 2004ലുമാണ് ഇതിന് പുറമെ അദ്ദേഹം ഖത്തറില്‍ സന്ദര്‍ശനം നടത്തിയത്.
'ജനകീയ മുഖ്യമന്ത്രിമാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന്' കള്‍ച്ചറല്‍ ഫോറം ഖത്തര്‍ അനുസ്മരിച്ചു.
'പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ഇടപെട്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി'യെന്ന് ഐസിസി മുന്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ പറഞ്ഞു.
'മലയാളികളുടെ മനസില്‍ ഇടംപിടിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി'യെന്ന് ഐഎംസിസി ഖത്തര്‍ വഹാബ് വിഭാഗം അനുസ്മരിച്ചു.