എക്‌സ്പാറ്റ് സ്‌പോർട്ടീസ് കാർണിവൽ നാളെ; ബ്രസീൽ താരം റഫീഞ്ഞ പങ്കെടുക്കും
വിവിധ മത്സരങ്ങൾക്ക് പുറമെ കാർണിവൽ വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ദോഹ: എക്‌സ്പാറ്റ് സ്‌പോർട്ടീവ് സ്‌പോർട്‌സ് കാർണിവൽ നാളെ, ഉച്ചയ്ക്ക് രണ്ടുമണി മുതൽ റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ നടക്കും. ബ്രസീൽ ഫുട്‌ബോൾ താരം റഫീഞ്ഞയടക്കമുള്ള പ്രമുഖർ കാർണിവലിൽ പങ്കെടുക്കും. വൈവിധ്യമാർന്ന പരിപാടികളോടെയാണ് എക്‌സ്പാറ്റ് സ്‌പോർട്ടീവ് കാർണിവൽ നടക്കുന്നത്. ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 2022 പേർ ഗോൾ പോസ്റ്റിലേക്ക് പന്തടിക്കും. ബ്രസീൽ ദേശീയ ഫുട്‌ബോൾ താരം റഫീഞ്ഞയാണ് ആദ്യ കിക്കെടുത്ത് ഉദ്ഘാടനം ചെയ്യുന്നത്.
വിവിധ രാജ്യങ്ങളുടെ ആരാധകക്കൂട്ടായ്മകളുടെ സാന്നിധ്യം പരിപാടിക്ക് പകിട്ടേകും. വിവിധ മത്സരങ്ങൾക്ക് പുറമെ കാർണിവൽ വീക്ഷിക്കാനെത്തുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തറിന്റെ ഒളിമ്പ്യനും മുൻ ജിംനാസ്റ്റിക് താരവുമായ മാലിക് മുഹമ്മദ് അൽ യഹ്രി, ഹമദ് മെഡിക്കൽ കോർപറേഷൻ ക്യുആർഐ ഡയറക്ടർ ഡോ.മുന അൽ മസ്‌ലമാനി, ഖത്തർ റെഡ്ക്രസന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുന അൽ സുലൈതി, ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ പ്രതിനിധികളായ അബ്ദുല്ല മുഹമ്മദ് ദോസരി, ഈസ അൽ ഹറമി, ജെനറേഷൻ അമേസിങ് പ്രതിനിധി ഹമദ് അബ്ദുൽ അസീസ് തുടങ്ങിയവരും ഇന്ത്യൻ എംബസി അപെക്‌സ് ബോഡി ഭാരവാഹികളും അതിഥികളായെത്തും.