ഗസ്സ മധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമാകുന്നു
ദോഹയിൽ ഹമാസ് നേതൃത്വവുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി കൂടിക്കാഴ്ച നടത്തി
ദോഹ: നീണ്ട ഇടവേളയ്ക്ക് ശേഷം ഗസ്സ മധ്യസ്ഥ ചർച്ചകൾ വീണ്ടും സജീവമാകുന്നു. ദോഹയിൽ ഹമാസ് നേതൃത്വവുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി കൂടിക്കാഴ്ച നടത്തി. ഡോക്ടർ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധികളുമായാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ചർച്ച നടത്തിയത്.
മധ്യസ്ഥ ചർച്ചകളുടെ നിലവിലെ സ്ഥിതിയും ഗസ്സയിൽ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള വഴികളും ചർച്ചയായി. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി കഴിഞ്ഞയാഴ്ച ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിനിധികൾ ദോഹയിലുണ്ടായിരുന്നു. സിഐഎ ഡയറക്ടർ വില്യം ബേൺസ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മധ്യസ്ഥതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇസ്രായേൽ സർക്കാരിനെ ധരിപ്പിക്കാനാണ് സംഘം മടങ്ങിയത്. 96 ബന്ദികൾ നിലവിൽ ഹമാസിന്റെ തടവിലുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്ക്, ഇതിൽ 34 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ആഗസ്റ്റിൽ ദോഹയിലും ഈജിപ്തിലുമായി നടന്ന ചർച്ചകൾ ഫലം കാണാതിരുന്നതോടെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കുന്നതായി നവംബറിൽ ഖത്തർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് മധ്യസ്ഥ ചർച്ചകൾ തുടരുന്ന കാര്യം ഖത്തർ സ്ഥിരീകരിക്കുന്നത്.