അന്താരാഷ്ട്ര ഫുട്‌ബോൾ: ഇസ്രായേലിനെ വിലക്കണമെന്ന ഫലസ്തീനിന്റെ ആവശ്യത്തിൽ ഫിഫ തീരുമാനം വൈകും
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് സമാന സാഹചര്യത്തിൽ റഷ്യയെ വിലക്കിയ ചരിത്രം ഫിഫക്കുണ്ട്
ദോഹ: ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിലക്കണമെന്ന ഫലസ്തീനിന്റെ ആവശ്യത്തിൽ ഫിഫ തീരുമാനം വൈകും. വിഷയത്തിൽ നിയമോപദേശം തേടാൻ ഫിഫ തീരുമാനിച്ചു. ജൂലൈയിൽ നടക്കുന്ന ഫിഫ കൗൺസിലിലാകും തീരുമാനം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിലക്കണമെന്നാണ് ഫലസ്തീൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സമാന സാഹചര്യത്തിൽ റഷ്യയെ വിലക്കിയ ചരിത്രം ഫിഫക്കുണ്ട്. എന്നാൽ ചില യുദ്ധങ്ങൾ മറ്റു ചിലതിനേക്കാൾ പ്രധാനമാണെന്നാണോ ഫിഫ കരുതുന്നതെന്ന് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ റജൂബ് ചോദിച്ചു. ശക്തമായ നടപടി ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോളാണെന്നും പന്ത് ഫിഫ പ്രസിഡന്റിന്റെ കോർട്ടിലാണെന്നും
അദ്ദേഹം ഓർമിപ്പിച്ചു. എന്നാൽ വോട്ടെടുപ്പിന് മുമ്പ് നിയമോപദേശം തേടാനാണ് ഫിഫ തീരുമാനം. ജൂലൈ 25ന് നടക്കുന്ന ഫിഫ എക്‌സ്ട്രാ ഓർഡിനറി കൗൺസിലിന് മുമ്പ് പിഎഫ്എ നൽകിയ മൂന്ന് പരാതികളും നിയമ വിദഗ്ധർ പരിശോധിക്കുമെന്ന് പ്രസിഡന്റ് ഇൻഫാന്റിനോ വ്യക്തമാക്കി. ഫലസ്തീന് പിന്തുണയുമായി ഏഷ്യൻ വൻകരയുടെ ഫുട്‌ബോൾ ബോഡിയായ എഎഫ്‌സി രംഗത്തെത്തിയിരുന്നു.