മീഡിയവണ്‍ 'സല്യൂട്ട് ദ ഹീറോസ്' പുരസ്കാര വിതരണം നാളെ
ലോകകപ്പിന്‍റെ വിവിധമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ ഇന്ത്യക്കാരെ ആദരിക്കുന്നതിനായി റിയാദ മെഡിക്കല്‍ സെന്‍ററുമായി ചേര്‍ന്ന് മീഡിയവണ്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരമാണ് സല്യൂട്ട് ഹീറോസ്
ദോഹ: മീഡിയ വണ്‍ 'സല്യൂട്ട് ദ ഹീറോസ്' പുരസ്കാര വിതരണം നാളെ. ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും കൂട്ടായ്മകളെയുമാണ് ആദരിക്കുന്നത്. വൈകിട്ട് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലാണ് ചടങ്ങ്.
ലോകകപ്പിന്‍റെ വിവിധമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ ഇന്ത്യക്കാരെ ആദരിക്കുന്നതിനായി റിയാദ മെഡിക്കല്‍ സെന്‍ററുമായി ചേര്‍ന്ന് മീഡിയവണ്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരമാണ് സല്യൂട്ട് ഹീറോസ്. ജനുവരി 17 വരെ ലഭിച്ച നോമിനേഷനുകളില്‍ നിന്നാണ് സല്യൂട്ട് ദ ഹീറോസ് പുരസ്കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്. സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, വളണ്ടിയര്‍മാര്‍, ഔദ്യോഗിക ചുമതലകള്‍ വഹിച്ചവര്‍ എന്നിവര്‍ക്കെല്ലാം നോമിനേഷന്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നു.
നോമിനേഷനുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് വിവിധ മേഖലകളില്‍ ഏറ്റവും അര്‍ഹരായവരെ ജൂറി കണ്ടെത്തിയത്. ഖത്തറിലെ മന്ത്രാലയങ്ങളില്‍ നിന്നും ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥികളായി എത്തും.