ഖത്തർ എയർവേസിന് പുതിയ സിഇഒ; അക്ബർ അൽബാകിർ സ്ഥാനമൊഴിഞ്ഞു

കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 14.3 കോടി ഡോളറാണ്

Update: 2023-10-23 18:36 GMT
Advertising

ദോഹ: ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ ബാകിർ സ്ഥാനമൊഴിഞ്ഞു. 27 വർഷം ഖത്തർ എയർവേസിനെ നയിച്ച ശേഷമാണ് സ്ഥാനമൊഴിയുന്നത്. ബദർ മുഹമ്മദ് അൽമീറാണ് പുതിയ സിഇഒ. 1997 ൽ അന്നത്തെ ഖത്തർ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഖത്തർ എയർവേസിനെ അക്ബർ അൽ ബാകിറിനെ ഏൽപ്പിക്കുമ്പോൾ അതൊരു കുഞ്ഞ് കമ്പനിമാത്രമായിരുന്നു. വെറും നാല് വിമാനങ്ങൾ മാത്രം. വ്യോമയാന രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ഖത്തറിന്റെ പേരും പെരുമയുമായി ഖത്തർ എയർവേസ് പറന്നുയരാൻ അധികകാലമെടുത്തില്ല. യാത്രാ രംഗത്തും ചരക്ക് നീക്കത്തിലും ലോകത്തെ മുൻനിരക്കാരിൽ ഇടംപിടിച്ചു. ഇരൂനൂറിലേറെ വിമാനങ്ങളും 160 ലേറെ ഡെസ്റ്റിനേഷനുകളുമായി മേഖലയിലെ നമ്പർ വൺ വിമാനക്കമ്പനിയായി മാറി ഖത്തർ എയർവേസ്.

കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 14.3 കോടി ഡോളറാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഏഴ് തവണ ലോകത്തെ മികച്ച എയർലൈനിനുള്ള അവാർഡ് ലഭിച്ചത് ആ നയത്തിനുള്ള അംഗീകാരമായി. ഹമദ് വിമാനത്താവളം, ഡ്യൂട്ടി ഫ്രീ, ഏവിയേഷൻ സർവീസ് തുടങ്ങി ഖത്തർ എയർവേസുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ സിഇഒയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ഖത്തർ ടൂറിസത്തിന്റെയും ചെയർമാനായിരുന്നു. 61 കാരനായ അക്ബർ അൽ ബാകിറിന്റെ മാതാവ് ഇന്ത്യക്കാരിയാണ്. മുംബൈയിൽ ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ഇന്ത്യയിലായിരുന്നു.


Full View

Qatar Airways gets new CEO; Akbar Albakir resigned

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News