ഇറാഖില്‍ 500 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തര്‍
ഇറാഖ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീറാണ് നിക്ഷേപം പ്രഖ്യാപിച്ചത്
ഇറാഖിന്റെ പുനർനിർമാണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും 500 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തര്‍. ഇറാഖ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീറാണ് നിക്ഷേപം പ്രഖ്യാപിച്ചത്. അമേരിക്കന്‍ അധിനിവേശവും ഐ.എസ് തീവ്രവാദികളും തീര്‍ത്ത കെടുതികളില്‍ നിന്ന് കരകയറാനുള്ള ഇറാഖിന്റെ സ്വപ്നങ്ങള്‍ക്ക് നിറംപകരുകയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദര്‍ശനം.
രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനും അടിസ്ഥാന വികസനത്തിനും 500 കോടി ഡോളര്‍, അതായത് നാല്‍പതിനായിരം കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് അമീര്‍ വാഗ്ദാനം ചെയ്തത്. വാണിജ്യം, നിക്ഷേപം, ഊർജം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണം സംബന്ധിച്ച് അമീറിന്റെ സാന്നിധ്യത്തിൽ കരാറുകളിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച ബഗ്ദാദിലെത്തിയ അമീറിന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിഅ അൽ സുദാനിയുടെ നേതൃത്വത്തിൽ വൻവരവേൽപ്പായിരുന്നു നൽകിയത്. സ്വകാര്യ പങ്കാളിത്തത്തോടെ ഊർജം, വൈദ്യുതി, ഹോട്ടൽ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നിക്ഷേപവും വികസനവും സംബന്ധിച്ചും ഇരു രാഷ്ട്ര നേതാക്കളുടെയും സാന്നിധ്യത്തിൽ കരാറുകളിൽ ഒപ്പുവെച്ചു.
ഗൾഫ് പവർ ഗ്രിഡ് ഇന്റർകണക്ഷൻ പദ്ധതിയും, തെക്കൻ ഇറാഖ് ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കുന്നതും ചര്‍ച്ചയായി. നേരിട്ട് സാമ്പത്തിക സഹായം നൽകുന്നതിന് പകരം , പ്രാദേശിക വാണിജ്യ, വികസന പദ്ധതികളിൽ നിക്ഷേപം നടത്തി മേഖലയിലെ രാജ്യങ്ങളെ സഹായിക്കാനുള്ള താൽപര്യം ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നിന്നും ഇറാഖിലെ വിവിധ മേഖലകളിൽ നിക്ഷേപങ്ങളുണ്ടെന്നും കൂടുതൽ നിക്ഷേപങ്ങളിലൂടെ വാണിജ്യ, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി