ചൂടിലും വ്യായാമം മുടക്കേണ്ടതില്ല; ശീതീകരിച്ച നടപ്പാതകൾ ഒരുക്കി ഖത്തർ
കനത്ത ചൂടിലും ആരോഗ്യ ശീലങ്ങൾ മാറ്റാൻ ആഗ്രഹിക്കാത്തവർക്ക് അനുഗ്രഹമായി ഖത്തറിലെ ശീതീകരിച്ച ജോഗിങ് ട്രാക്കുകൾ. നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഖത്തറിലെ നിലവിലെ ചൂട്. ഹ്യുമിഡിറ്റിയും കൂടുന്നുണ്ട്. രാവിലെയും വൈകിട്ടുമൊക്കെ നടക്കാനിറങ്ങുന്നവർക്ക് ഈ കാലാവസ്ഥ വെല്ലുവിളിയാണ്.
ഈ പ്രതിസന്ധിയെയും മറികടക്കുന്ന പാർക്കുകളാണ് ഖത്തറിലുള്ളത്. പൂർണമായും ശീതീകരിച്ച ജോഗിങ് ട്രാക്കുകളോട് കൂടിയ പാർക്കുകൾ. ഗരാഫയിലും ഉം അൽ സനീമിലുമായാണ് നിലവിൽ ശീതീകരിച്ച ട്രാക്കുകളുള്ളത്.
ഇതിൽ ഉം അൽ സനീമിലേത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശീതീകരിച്ച ഔട്ട്‌ഡോർ ട്രാക്കാണ്. ഇതോടൊപ്പം ഗരാഫയിലെയും ഉംഅൽസനിമിലെയും പോലെ ടണൽ ഇല്ലെങ്കിൽ ഓക്‌സിജൻപാർക്കിലും ചൂടേൽക്കാതെ നടക്കാനുള്ള സൗകര്യമുണ്ട്.
റൗളത്ത് അൽഹമാമയിൽ മറ്റൊരു ട്രാക്കുകൂടി നിർമാണം പൂർത്തിയായിട്ടുണ്ട്. വൈകാതെ തന്നെ ഇത് പൊതുജദനങ്ങൾക്ക് തുറന്നു നൽകും. ഈ പാർക്കുകളിൽ മിക്കതിലും ഔട്ട്‌ഡോർ ജിംനേഷ്യവും സജ്ജീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ദിവസവും ഈ പാർക്കുകളിൽ എത്തുന്നത്.