മറ്റുള്ളവരുടെ ബാഗേജ് വഹിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

വിമാനത്താവളത്തിൽ പിടിക്കപ്പെട്ടാൽ ബാഗ് വഹിക്കുന്നവർക്കാകും നിയമപരമായ ഉത്തരവാദിത്തമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം

Update: 2024-06-22 15:37 GMT
Advertising

ദോഹ: മറ്റുള്ളവരുടെ ബാഗേജ് വഹിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. വിമാനത്താവളത്തിൽ പിടിക്കപ്പെട്ടാൽ ബാഗ് വഹിക്കുന്നവർക്കാകും നിയമപരമായ ഉത്തരവാദിത്തമെന്നും ഇത് യാത്രാനടപടികളെ ബാധിച്ചേക്കാമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉള്ളിലുള്ള വസ്തുക്കളുടെ വിവരങ്ങളറിയാതെ മറ്റൊരാൾ നൽകുന്ന പാക്കേജുകൾ കൈവശം വെക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം. ബാഗ് കൈവശംവെച്ചയാളാണ് അതിന്റെ പൂർണ ഉത്തരവാദിയെന്നും എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ യാത്രാനടപടികൾ തടസ്സപ്പെടുന്നതിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതുസംബന്ധിച്ച് മന്ത്രാലയം നേരത്തെ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ വിമാനത്താവളത്തിലെ പരിശോധനയിൽ ലഗേജിൽ കണ്ടെത്തുകയും മറ്റൊരാളുടെ ബാഗേജ് സഹായ മനസ്‌കതയോടെ വഹിച്ചതാണെന്ന് ന്യായീകരിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം ന്യായീകരണങ്ങൾ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊണ്ടുവരാൻ പാടുള്ളത് എന്തെന്നും വിലക്കുള്ളത് ഏതൊക്കെ സാധനങ്ങൾക്കാണെന്നും യാത്രക്കാർക്ക് ധാരണ വേണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News