മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള നടപടികൾ സജീവമാക്കി ഖത്തരി ബിസിനസുകാരൻ
ഏപ്രില്‍ 28 ആയിരുന്നു അന്തിമ ബിഡ് സമര്‍പ്പിക്കുന്നതിനുള്ള സമയം.
ദോഹ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാനുള്ള നടപടികള്‍ സജീവമാക്കി ഖത്തരി ബിസിനസുകാരന്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി. ക്ലബ് സ്വന്തമാക്കാനുള്ള അന്തിമ ബിഡ് സമര്‍പ്പിച്ചു. 5 ബില്യണ്‍ പൗണ്ടിന്റേതാണ് ബിഡ് എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 28 ആയിരുന്നു അന്തിമ ബിഡ് സമര്‍പ്പിക്കുന്നതിനുള്ള സമയം.
ക്ലബിനെ പൂര്‍ണമായും ഏറ്റെടുക്കുന്ന തരത്തിലുള്ള ബിഡാണ് ഖത്തര്‍ ബിസിനസുകാരനായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി സമര്‍പ്പിച്ചതെന്നാണ് സൂചന. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 5 ബില്യണ്‍ പൗണ്ടാണ് തുകയെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇത് 50000 കോടി രൂപയില്‍ അധികം വരും. 6 ബില്യണ്‍ പൗണ്ടാണ് ക്ലബിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം ആവശ്യപ്പെട്ടിരുന്നത്.
ബ്രിട്ടീഷ് കോടീശ്വരനായ ജിം റാറ്റ്ക്ലിഫാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ രംഗത്തുള്ള മറ്റൊരാള്‍. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബിന്റെ നിലവിലെ മൂല്യം 3.4 ബില്യണ്‍ പൗണ്ടാണ്. യൂറോപ്പിലെ ജനപ്രിയ ക്ലബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 20 തവണ ഇംഗ്ലീഷ് ലീഗില്‍ കിരീടം നേടിയിട്ടുണ്ട്.