വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനും ചരടുവലിച്ചു; പ്രശംസ പിടിച്ചുപറ്റി വീണ്ടും ഖത്തര്‍ നയതന്ത്രം

സമാധാനശ്രമം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി

Update: 2023-11-22 17:49 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളുടെ വിജയമാണ് ഗസ്സയില്‍ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനും വഴിതെളിച്ചത്. സംഘര്‍ഷം തുടങ്ങിയ നിമിഷം മുതല്‍ തന്നെ ഖത്തര്‍ സമാധാനദൗത്യവുമായി രംഗത്തിറങ്ങിയിരുന്നു. അഫ്ഗാനിസ്താനിലും യുക്രൈനിലെ ബന്ദിമോചനത്തിലും ഇറാന്‍-അമേരിക്ക തടവുകാരുടെ കൈമാറ്റത്തിലുമെല്ലാം മധ്യസ്ഥശ്രമങ്ങളിലൂട‌െ ഖത്തര്‍ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഗസ്സയില്‍ ഒന്നരമാസക്കാലം നീണ്ട നിരന്ത പരിശ്രമത്തിനൊടുവിലാണ് ഖത്തര്‍ ലക്ഷ്യത്തിലെത്തിയത്. ബന്ദിമോചനത്തിനായി ലോകരാജ്യങ്ങളെല്ലാം ഖത്തറിന്റെ വാതിലില്‍ മുട്ടി. ഒക്ടോബര്‍ ഏഴ് മുതല്‍ ദോഹ സന്ദര്‍ശിക്കുകയോ ഖത്തറുമായി ആശയവിനിമയം നടത്തുകയോ ചെയ്യാത്ത രാജ്യങ്ങള്‍ വിരളമാണ്. യു.എന്‍ സെക്രട്ടറി ജനറലും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമെല്ലാം ഖത്തറിലെത്തി. യുദ്ധം അവസാനിപ്പിക്കല്‍ മാത്രമായിരുന്നില്ല, മേഖലയൊന്നാകെ പടരാതെ നോക്കല്‍ കൂടിയായിരുന്നു ആദ്യ ദൗത്യം.

ഇരുപക്ഷവുമായും തുറന്ന ആശയവിനിമയത്തിന് ശേഷിയുള്ള ലോകത്തെ ഏകരാജ്യമായിരുന്നു ഖത്തര്‍. സമാധാനശ്രമത്തില്‍ അതൊരു ഉത്തരവാദിത്തമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഏറ്റെടുത്തു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ തുടക്കത്തില്‍ തന്നെ ഏതാനും ബന്ദികളുടെ മോചനത്തിന് വഴി തെളിച്ചു.

റഫ അതിര്‍ത്തി തുറക്കാനും ഗസ്സയ്ക്ക് ഭക്ഷണമെത്തിക്കാനും ഗസ്സയില്‍ നിന്നും വിദേശികളെ പുറത്തെത്തിക്കാന്‍ സഹായിച്ചു. ദോഹയിലെ ഹമാസ് രാഷ്ട്രീയ വിഭാഗവുമായി നേരിട്ടും അമേരിക്ക വഴി ഇസ്രായേലുമായും ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി. അമേരിക്കയുട‌െയും ഇസ്രായേലിന്റെയും ചാരസംഘടനകളായ സി.ഐ.എയും മൊസാദും ഇതിനിടയില്‍ ദോഹയിലെത്തി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സമാധാനദൌത്യങ്ങളോട് ആദ്യഘട്ടത്തില്‍ പുറംതിരിഞ്ഞുനിവന്ന നെതന്യാഹുവിന്റെ ധാര്‍ഷ്ട്യം പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഇസ്രായേല്‍ ആശുപത്രികളെ ലക്ഷ്യമിട്ടതോടെ അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനത്തിന്റെ ഭാഗമായി യു.എന്‍ രക്ഷാകൗണ്‍സില്‍ സ്ഥിരാംഗങ്ങള്‍ അടക്കമുള്ള ലോകശക്തികളെ ഒരുമിച്ച് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഖത്തറാണ്.

നയതന്ത്ര ഇടപെടലുകള്‍ക്കൊപ്പം തന്നെ ഗസ്സയിലെ കുരുതികള്‍ ലോകത്തെ അറിയിക്കുന്നതില്‍ ഖത്തരി മാധ്യമമായ അല്‍ജസീറയുടെ സാന്നിധ്യവും വിവമതിക്കാനാവാത്തതാണ്. ഇസ്രായേലിന്റെ കള്ളപ്രചാരണങ്ങള്‍ പൊളിക്കുന്നതിലും ലോകമനസാക്ഷിയെ ഗസ്സയ്‍ക്കൊപ്പം നിര്‍ത്തുന്നതിലും അല്‍ജസീറ നിര്‍ണായക പങ്കുവഹിച്ചു.

Summary: The success of Qatar's diplomatic interventions led to a cease-fire and release of hostages in GazaThe success of Qatar's diplomatic interventions led to a cease-fire and release of hostages in Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News