ഖത്തറിൽ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എളുപ്പമാകും
റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാക്കാനനുവദിക്കുന്ന പുതിയ നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു
ദോഹ: ഖത്തറിൽ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എളുപ്പമാകും. റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാക്കാനനുവദിക്കുന്ന പുതിയ നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു. ഖത്തറിൽ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സേവനങ്ങൾക്കായി അപേക്ഷകർക്ക് ഇനി മന്ത്രാലയ ആസ്ഥാനങ്ങളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് ഹാജരാക്കേണ്ടതില്ല. രജിസ്‌ട്രേഷനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ഖത്തർ. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്നതിനായി നേരെത്തെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ഖത്തർ നീതിന്യായ മന്ത്രാലയം. ഏറ്റവും പുതിയ സാങ്കേതിക രീതികളിലൂടെ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഖത്തർ വിഷൻ 2030-ന്റെ ഭാഗമായാണ് തീരുമാനം. പുതിയ നിയമം പൊതു സേവനങ്ങളിലെ ഗുണപരമായ കുതിപ്പിനെ പ്രതിനിധീകരിക്കുന്നതാണെന്ന് ഖത്തർ നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. 60 വർഷമായി രാജ്യത്ത് നിലവിലുള്ള നിയമത്തിന് പകരമായി, 55 ആർട്ടിക്കിളുകളിലായി സമഗ്രമായ ഭേദഗതികളോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്.