വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും
3.78 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലെത്തുന്നത്
ദോഹ: വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. 3.78 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിലെത്തുന്നത്. ഖത്തർ ഗവൺമെന്റ് സ്‌കൂളുകളിൽ പുതിയ അധ്യയന വർഷവും ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്. സ്‌കൂളും കിൻഡർഗർട്ടനും ഉൾപ്പെടെ ഗവൺമെന്റ് മേഖലയിൽ 303 സ്ഥാപനങ്ങളാണുള്ളത്. 1.36 ലക്ഷം വിദ്യാർഥികളാണ് ഗവൺമെന്റ് സ്‌കൂളുകളിലുള്ളത്. ഇതിന് പുറമെ വിവിധ ഇന്ത്യൻ സ്‌കൂളുകളടക്കം വിവിധ കമ്യൂണിറ്റികളുടേതായി മുന്നൂറിലേറെ സ്‌കൂളുകൾ ഖത്തറിലുണ്ട്.
സ്വകാര്യ മേഖലകളിൽ 2.41 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇവരിൽ 48,319 പേർ ഖത്തരി സ്വദേശി വിദ്യാർഥികളാണ്. പുതിയ അധ്യയന വർഷത്തിൽ 13 പുതിയ സ്വകാര്യസ്‌കൂളുകൾക്കും കിൻഡർഗർട്ടനുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. സ്‌കൂൾ അധ്യാപകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഈ മാസം 25 ഓടെ തന്നെ സജീവമായിരുന്നു.