ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ വിസ: നടപടി പുരോഗമിക്കുന്നു
വിദേശ സഞ്ചാരികളെ ജി.സി.സിയിലേക്ക് ആകര്‍ഷിക്കലാണ് ഏകീകൃത വിസ ഊന്നല്‍ നല്‍കുന്നത്
ദോഹ: മുഴുവൻ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമായ ഏകീകൃത ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദോഹയില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിന് പിന്നാലെയാണ് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്.
മുഴുവന്‍ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഏകീകൃത ടൂറിസ്റ്റ് വിസ വഴി ലക്ഷ്യമിടുന്നത്. ഡിസംസബറില്‍ ദോഹയില്‍ നടന്ന 44ാമത് ജി.സി.സി സമ്മിറ്റില്‍ വിസക്ക് അംഗീകാരം നല്‍കിയിരുന്നു. വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ടെക്നിക്കല്‍ കമ്മിറ്റികള്‍ പരിശോധിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വ്യക്തമാക്കി.
വിദേശ സഞ്ചാരികളെ ജി.സി.സിയിലേക്ക് ആകര്‍ഷിക്കലാണ് ഏകീകൃത വിസ ഊന്നല്‍ നല്‍കുന്നത്. ഇത് ജി.സി.സിയിലെ ടൂറിസം മേഖലക്ക് വലിയ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജി.സി.സി രാജ്യങ്ങള്‍ ലോക ടൂറിസം ഭൂപടത്തിലെ സുപ്രധാന ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി ഖര്‍ജി പറഞ്ഞു.