ലോകകപ്പ് ഫുട്‌ബോൾ രണ്ടാംഘട്ട ടിക്കറ്റിന് പണമടയ്ക്കാനുള്ള സമയം നാളെ അവസാനിക്കും
നാളെ ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഫിഫ വെബ്‌സൈറ്റ് വഴി പണമടയ്ക്കണം. അല്ലാത്തപക്ഷം ടിക്കറ്റ് അസാധുവാകും
ലോകകപ്പ് ഫുട്‌ബോൾ രണ്ടാം ഘട്ട ടിക്കറ്റ് വിൽപനയിൽ ടിക്കറ്റ് ലഭിച്ചവർക്ക് പണമടയ്ക്കാനുള്ള സമയം നാളെ അവസാനിക്കും. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പണമടയ്ക്കണം. മേയ് 31നായിരുന്നു റാൻഡം നറുക്കെടുപ്പ് പൂർത്തിയാക്കി രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ലഭിച്ചവരെ വിവരമറിയിച്ച് തുടങ്ങിയത്. അന്നുമുതൽ തന്നെ പണമടച്ച് ടിക്കറ്റ് ഉറപ്പിക്കാൻ അവസരമുണ്ടായിരുന്നു. ശേഷിക്കുന്നവർ നാളെ ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഫിഫ വെബ്‌സൈറ്റ് വഴി പണമടയ്ക്കണം. അല്ലാത്തപക്ഷം ടിക്കറ്റ് അസാധുവാകും.
ഏപ്രിൽ 5 മുതൽ 28 വരെ നീണ്ട രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ്ങിൽ ആകെ 2.35 കോടി ടിക്കറ്റുകൾക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്. അർജൻറീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്‌സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്ങ്. ഒന്നാം ഘട്ടത്തിൽ എട്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു.