ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ ഖത്തർ പ്രധാനമന്ത്രി സന്ദർശിച്ചു

അഞ്ഞൂറിലേറെ ഫലസ്തീനികളാണ് ഖത്തറിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്

Update: 2024-07-03 17:47 GMT
Advertising

ദോഹ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയ്‌ക്കെത്തിയ ഫലസ്തീനികളെ ഖത്തർ പ്രധാനമന്ത്രി സന്ദർശിച്ചു. അഞ്ഞൂറിലേറെ ഫലസ്തീനികളാണ് ഖത്തറിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റ 1500 പേരുടെ ചികിത്സയും 3000 അനാഥരെയും ഖത്തർ അമീർ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റ അഞ്ഞൂറിലേറെ പേരടക്കം രണ്ടായിരത്തിലേറെ പേരെ ഇതിനോടകം ഖത്തറിലെത്തിച്ചിട്ടുണ്ട്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ,സിദ്ര മെഡിസിൻ, ദ വ്യൂ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ നൽകുന്നത്.

താമസ സൗകര്യം ഒരുക്കിയിരിക്കുന്ന അൽതുമാമ കോംപ്ലക്‌സിൽ എത്തിയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഫലസ്തീനിൽ നിന്നുള്ളവരെ സന്ദർശിച്ചത്. ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്‌ഫോടനത്തിൽ ഒരു കാല് നഷ്ടപ്പെട്ട ഫലസ്തീനി ബാലൻ ബഹാ അബൂ ഖാദിഫ് ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഒരു കാല് നഷ്ടമായിട്ടും മാതാവിനെ ഇസ്രായേൽ സൈനികർ കൊലപ്പെടുത്തിയിട്ടും ഇവന് പ്രതീക്ഷ നഷ്ടമായിട്ടില്ല. ഫലസ്തീനികൾ ഹീറോകളാണ്. ഞങ്ങളവരെ ബഹുമാനിക്കുന്നു. ചികിത്സ ഉൾപ്പെടെ അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ 38000 ത്തിലേറെ പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News