ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച തുടങ്ങും
ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ ഒന്നരലക്ഷത്തിലേറെ ടിക്കറ്റുകളിൽ 80,000 ൽ അധികം ടിക്കറ്റുകളും ആദ്യ 24 മണിക്കൂറിൽ തന്നെ ആരാധകർ സ്വന്തമാക്കി.
ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ രണ്ടാംഘട്ട ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച തുടങ്ങും. ആദ്യഘട്ടത്തിൽ ഒന്നരലക്ഷത്തിലേറെ ടിക്കറ്റുകളാണ് ആരാധകർക്ക് നൽകിയിരുന്നത്. ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെയെത്തുന്ന വൻകരയുടെ പോരിനെ ആവേശപൂർവമാണ് ഖത്തർ വരവേൽക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ തന്നെ ഇത് പ്രകടമായിരുന്നു, ഒന്നരലക്ഷത്തിലേറെ ടിക്കറ്റുകളിൽ 80,000 ൽ അധികം ടിക്കറ്റുകളും ആദ്യ 24 മണിക്കൂറിൽ തന്നെ ആരാധകർ സ്വന്തമാക്കി.
രണ്ടാംഘട്ടത്തിൽ എത്ര ടിക്കറ്റുകളാണ് വിൽപ്പന്ക്ക് വയ്ക്കുക എന്ന് പുറത്തുവിട്ടിട്ടില്ല. 25 ഖത്തർ റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഖത്തർ, സൗദി, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് ആദ്യഘട്ടത്തിൽ കൂടുതൽ ടിക്കറ്റ് സ്വന്തമാക്കിയത്. ഇന്ത്യ ഏഷ്യൻ കപ്പിൽ കളിക്കുന്നത് മലയാളികൾ അടക്കമുള്ള ആരാധകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.