ഫോണില്‍ തൊട്ടാല്‍ കീശ ചോരും; ഖത്തറിൽ ഓട്ടോമാറ്റിക് റഡാറുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും
മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ചാല്‍ മാത്രമല്ല, ഡാഷ് ബോര്‍ഡില്‍ വച്ച് ഫോണില്‍ തൊട്ടാലും ക്യാമറ പിടികൂടും.
ദോഹ: ഖത്തറില്‍ ഓട്ടോമേറ്റഡ് റഡാറില്‍ പതിയുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കി തുടങ്ങും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ലക്ഷ്യമിട്ടാണ് റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതോടെ, നാളെ മുതല്‍ വാഹനവുമായി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കാലിയാകും. മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിച്ചാല്‍ മാത്രമല്ല, ഡാഷ് ബോര്‍ഡില്‍ വച്ച് ഫോണില്‍ തൊട്ടാലും ക്യാമറ പിടികൂടും.കാറിന്റെ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ വഴിയോ ലൗഡ് സ്പീക്കറിലോ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല.
സമാനമാണ് ഡാഷ് ബോര്‍ഡ് സ്ക്രീനിന്റെയും അവസ്ഥ. നാവിഗേഷന് വേണ്ടി ഉപയോഗിക്കാമെങ്കിലും ഡ്രൈവിങ്ങിനിടെ സ്ക്രീനില്‍ തൊടുകയോ നാവിഗേഷന്‍ ശരിയാക്കുകയോ ചെയ്താല്‍ പണികിട്ടും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും ഓട്ടോമേറ്റഡ് റഡാറുകള്‍ കൃത്യമായി പകര്‍ത്തും.
500 ഖത്തര്‍ റിയാലാണ് നിയമലംഘനങ്ങള്‍ക്ക് പിഴ. 24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. രാത്രിയും പകലും ഒരുപോലെ നിയമലംഘനങ്ങള്‍ കൃത്യമായി റഡാറുകളില്‍ പതിയും. കഴിഞ്ഞ മാസം 27 മുതല്‍ തന്നെ ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നാളെ മുതലാണ് പിഴ ഈടാക്കിത്തുടങ്ങുന്നത്.