സൗദിയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു; പുതിയ റിപ്പോർട്ടുമായി മാനവ വിഭവശേഷി മന്ത്രാലയം
ആരോഗ്യം, വിദ്യാഭ്യാസം, ഐടി, വ്യവസായ മേഖലകളിലാണ് നിലവിൽ കൂടുതൽ അവസരങ്ങൾ വരുന്നത്.
ജിദ്ദ: സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. എല്ലാ പ്രൊഫഷനുകളിലും വ്യാപക വളർച്ച ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ സഹമന്ത്രി മുഹമ്മദ് എസ്സയുടെ റിപ്പോർട്ട് പ്രകാരം തൊഴിലവസരങ്ങൾക്കൊപ്പം പ്രൊഫഷണൽ ട്രെയ്‌നിങ് സാധ്യതകളും വർധിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഐടി, വ്യവസായ മേഖലകളിലാണ് നിലവിൽ കൂടുതൽ അവസരങ്ങൾ വരുന്നത്. സൗദികളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളും തുടരുന്നുണ്ട്. സൗദിവൽക്കരണ പദ്ധതി നിലവിൽ വിജയത്തിലെത്തിയിട്ടുണ്ട്. 1999 നു ശേഷമുള്ള ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണ് ഈ വർഷമുള്ളത്. 7.1% മാണ് നിലവിലെ തൊഴിലില്ലായ്മ നിരക്ക്. 2030ലേക്കുള്ള ലക്ഷ്യം ഏഴ് ശതമാനത്തിലെത്തിക്കുക എന്നതായിരുന്നു. ഇതിനാൽ ഇത് മന്ത്രാലയത്തിന്റെ മികച്ച നേട്ടമായാണ് കണക്കാക്കുന്നത്. സൗദികൾക്കൊപ്പം വിദേശികൾക്കും അവസരങ്ങൾ സൗദിയിൽ വർധിച്ചിട്ടുണ്ട്.