ഒരുക്കങ്ങൾ പൂർണ്ണം;റിയാദ് പ്രവാസി സാഹിത്യോത്സവ് നാളെ
രാവിലെ 7 മണിക്ക് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിലാണ് പരിപാടിക്ക് തുടക്കമാകുന്നത്
റിയാദ്: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ 25 വെളളിയാഴ്ച്ച നടക്കും. ആർ.എസ്.സി റിയാദ് സോൺ സാഹിത്യോത്സവ് മത്സരങ്ങൾക്കാണ് നാളെ രാവിലെ 7 മണിക്ക് മലാസ് ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിൽ തുടക്കമാകുന്നത്.
കലാ,സാഹിത്യ രംഗത്ത് പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടലായാണ് സാഹിത്യോത്സവ് നടത്തുന്നത്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ് സോൺ തല മത്സരങ്ങളിൽ പ്രതിഭകൾ മാറ്റുരക്കുന്നത്. കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, എന്നീ വിഭാഗങ്ങളിലായി 69 ഇനങ്ങളിൽ നാനൂറിലധികം മത്സരാർത്ഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകും.
വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, നശീദ, കാലിഗ്രാഫി,മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കായി സാഹിത്യോത്സവ് നഗരിയിൽ നാല് വേദികളാണ് സംവിധാനിച്ചിട്ടുളളത്. കലാ,സാഹിത്യ രംഗത്തെ ഏറ്റവും വലിയ സാംസ്‌കാരിക ഒത്തിരിപ്പായി റിയാദ് സാഹിത്യോത്സവ് മാറും. റിയാദിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യം പരിപാടിയെ കൂടതൽ മികവുറ്റാതാക്കും.
പ്രതിഭകളെയും,കലാ പ്രേമികളെയും സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് നഗരിയിൽ സംവിധാനിച്ചിട്ടുളളത്. അബ്ദുൽ റഹ്‌മാൻ സഖാഫി (ചെയമാൻ) ഫൈസൽ മമ്പാട് (ജനറൽ കൺവീനർ) ശുഹൈബ് സഅദി, ജംഷീർ ആറളം എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റി ഒന്നംഗ സംഘാടകസമിതിയാണ് സാഹിത്യോത്സവ് നിയന്ത്രിക്കുന്നത്.